വാഷിങ്ടണ്‍- ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് യുഎസ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇറാനു മേലുള്ള യുഎസിന്റെ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. നവംബര്‍ നാലോടെ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നാണ് യുഎസിന്റെ കര്‍ശന അന്ത്യശാസനം. ഇതു പാലിച്ചില്ലെങ്കില്‍ ഇന്ത്യന്‍, ചൈനീസ് കമ്പനികളും ഉപരോധം നേരിടേണ്ടി വരുമെന്നും യുഎസ് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും.
ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ അത് ഉടന്‍ വെട്ടിച്ചുരക്കണം. നവംബര്‍ നാലോടെ പൂര്‍ണമായും ഇറക്കു മതി അവസാപ്പിക്കുകയും വേണമെന്നാണ് യുഎസ് വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷം രാജ്യങ്ങളും അമേരിക്കയുടെ ആവശ്യം അംഗീകരിക്കാന്‍ തയാറാണെന്നും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന യുഎസ് വിദേശകാര്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്തയാഴ്ച യുഎസില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-യുഎസ് ചര്‍ച്ചയില്‍ ഇത് മുഖ്യ വിഷയമാകും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും അടുത്തയാഴ്ച യുഎസില്‍ വിദേശകാര്യ സെക്രട്ടറി മൈക് പെന്‍, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. പുതിയ ഉപരോധ നീക്കത്തില്‍ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്ന് യുഎസ് വ്യക്തമാക്കി.
2010-നും 2013-നുമിടയില്‍ ഇറാനു മേലുള്ള അന്താരഷ്ട്ര ഉപരോധം യുഎസ് ശക്തമാക്കിയിരുന്നെങ്കിലും ഇതുമായി സഹകരിക്കുന്നതോടൊപ്പം ദീര്‍ഘകാലമായി ഇറാനുമായുള്ള തങ്ങളുടെ ബന്ധം സംരക്ഷിക്കുമെന്ന നിലപാടാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. യുഎസിന്റെ പുതിയ അന്ത്യശാസനത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.