ലണ്ടന്‍- മൂന്ന് മാതാപിതാക്കള്‍ ഉള്ള ആദ്യ കുഞ്ഞ് ബ്രിട്ടനില്‍ ജനിച്ചു. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ വി എഫ്) എന്ന കൃത്രിമ ഗര്‍ഭധാരണ സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഐ വി എഫ് സാങ്കേതിക വിദ്യ നിലവില്‍ വന്ന ശേഷമുള്ള അതിന്റെ ഒരു കുതിച്ചു ചാട്ടം തന്നെയാണ് മൈറ്റോകോണ്‍ട്രിയല്‍ ഡൊണേഷന്‍ ട്രീറ്റ്മെന്റ് (എം ഡി ടി) എന്ന ഈ പുതിയ രീതിക്കു പിന്നിലും. മൈറ്റോകോണ്‍ട്രിയയുടെ വൈകല്യങ്ങള്‍ കാരണം കുട്ടികളില്‍ ഉണ്ടായേക്കാവുന്ന നിരവധി വൈകല്യങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കും ഈ പുതിയ രീതി പരിഹാരമാകുമെന്നാണ് വിശ്വസിക്കുന്നത്.
ഇത്തരം കേസുകളില്‍, അമ്മയുടെ മൈറ്റോകോണ്‍ട്രിയ വഴിയാണ് രോഗങ്ങളും മറ്റും കുഞ്ഞിലേക്ക് പകരുക. അത്തരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള വൈകല്യമുള്ള മറ്റോകോണ്‍ട്രിയയ്ക്ക് പകരം മറ്റൊരു സ്ത്രീയുടെ മൈറ്റോകോണ്‍ട്രിയ ഉപയോഗിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ പുതിയ എം ഡി ടി രീതി. അത്തരത്തില്‍ രണ്ട് സ്ത്രീകളുടെ ജനിതക ഘടകങ്ങളും, ഒരു പുരുഷന്റെ ഘടകങ്ങളും ഉപയോഗിച്ചുള്ള ഐ വി എഫിലാണ് മൂന്ന് മാതാപിതാക്കളുമായിഈ കുട്ടി ജനിച്ചു വീണത്.
ബ്രിട്ടനിലെ ഫെര്‍ട്ടിലിറ്റി റെഗുലേറ്റര്‍ ആയ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അഥോറിറ്റിയാണ് ഇക്കാര്യം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയത്. സാങ്കേതികമായി പറഞ്ഞാല്‍ ഈ കുട്ടിക്ക് രണ്ട് അമ്മമാര്‍ ഉണ്ടായിരിക്കും. എന്നാല്‍, രണ്ടാമത്തെ അമ്മയുമായി പൂര്‍ണ്ണമായ ജനിതക ബന്ധം ഉണ്ടായിരിക്കില്ല. കാരണം രണ്ടാമത്തെ അമ്മയുടെ ഡി എന്‍ എയുടെ 0.1 ശതമാനം മാത്രമായിരിക്കും കുട്ടിയില്‍ ഉണ്ടാവുക.
വാര്‍ത്ത പുറത്ത് വന്നതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. മൈറ്റോകോണ്‍ട്രിയല്‍ വൈകല്യങ്ങള്‍ ഉള്ള സ്ത്രീകള്‍ അത് അടുത്ത തലമുറയിലേക്ക് പകര്‍ന്ന് നല്‍കുന്നത് ഇല്ലാതെയാക്കാന്‍ പറ്റും എന്ന്ഇതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുമ്പോള്‍, ശാസ്ത്രത്തിന്റെ ഈ വളര്‍ച്ച എത്തി നില്‍ക്കുക ഡിസൈനര്‍ ബേബികളെ സൃഷ്ടിക്കുന്നതിലായിരിക്കും എന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു.