ന്യൂദൽഹി- അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള സൂചനയായി തൃണമൂൽ കോൺഗ്രസ് പ്രതിനിധിയെ രാജ്യസഭ ഉപാധ്യക്ഷന്റെ സ്ഥാനത്തേക്ക് പിന്തുണക്കാൻ കോൺഗ്രസ് തീരുമാനം. സുഖേന്ദു ശേഖർ റോയിയെ ഉപാധ്യക്ഷനായി പിന്തുണക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. അടുത്തമാസം പതിനെട്ടിന് തുടങ്ങുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിലാണ് രാജ്യസഭ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പ്. 2012 മുതൽ മലയാളിയായ പി.ജെ കുര്യനാണ് രാജ്യസഭ ഉപാധ്യക്ഷൻ.
245 അംഗ സഭയിൽ കോൺഗ്രസിന് 51 അംഗങ്ങളുണ്ട്. ബി.ജെ.പി ഇതരവോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് തൃണമൂലിനെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. അതേസമയം, തൃണമൂൽ ഇതേവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.