ഭോപാല്‍- മധ്യപ്രദേശില്‍ മുതിര്‍ന്ന ബിജെപി നേതാവിനും പോലീസിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ച് സഭയില്‍ ബിജെപി വനിതാ എംഎല്‍എ പൊട്ടിക്കരഞ്ഞു. ചൊവ്വാഴ്ച സഭയുടെ ശൂന്യവേളയിലാണ് ബിജെപി എംഎല്‍എ നീലം അഭയ് മിശ്ര താനും കുടുംബവും പോലീസില്‍ നിന്ന് നേരിടേണ്ടി വരുന്ന പീഡനം വിവരിച്ച് പൊട്ടിക്കരഞ്ഞത്. ഒരു മുതിര്‍ന്ന ബിജെപി നേതാവിനു വേണ്ടിയാണ് റേവ ജില്ലാ പോലീസ് തന്നോടും കുടുംബത്തോടും ഇങ്ങനെ പെരുമാറുന്നതെന്നും അവര്‍ ആരോപിച്ചു.
പോലീസ് തങ്ങളെ വ്യാജ കേസുകളില്‍ കുടുക്കുകയാണെന്നും സുരക്ഷ നല്‍കണമെന്നും അവര്‍ സഭയില്‍ ആവശ്യപ്പെട്ടു. കരുത്തനായ ഒരു ബിജെപി നേതാവിനു വേണ്ടി റേവ ജില്ലാ പോലീസ് മേധാവി തന്നോടും കുടുംബത്തോടും മുന്‍വിധികളോടെയാണ് പെരുമാറുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്നും നിറകണ്ണുകളോടെ നീലം പറഞ്ഞു. റേവ ജില്ലയിലെ സിമാറിയ മണ്ഡലത്തെയാണ് നീലം സഭയില്‍ പ്രതിനിധീകരിക്കുന്നത്.
സ്വന്തം പാര്‍ട്ടി നോതാവില്‍ നിന്ന് പീഡനം സഹിക്കേണ്ടി വന്ന ബിജെപി എംഎല്‍എക്ക് പിന്തുണയുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. ഭരണകക്ഷിയുടെ ഒരു എംഎല്‍എയ്ക്ക് ഈ ഗതിയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ ഊഹിക്കാവുന്നതെയുള്ളൂവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
എംഎല്‍എ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് മറുപടി പറയണമെന്ന് സ്പീക്കര്‍ സീതാശരണ്‍ ശര്‍മ ആവശ്യപ്പെട്ടു. എംഎല്‍എയ്ക്കും കുടുംബത്തിനു മതിയായ സുരക്ഷ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി സഭയില്‍ മറുപടി പറഞ്ഞു.
എന്നാല്‍ ഇതു മതിയാകില്ലെന്നും തന്നേയും കുടുംബത്തേയും കള്ളക്കേസില്‍ കുടുക്കി നിരന്തരം വേട്ടയാടുന്നത് അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും നീലം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇക്കാര്യം ജില്ലാ പോലീസ് മേധാവിയുമായി സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും തൃപ്തയാകാത്ത നീലം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇത് നാണക്കേടാണെന്നും ദുര്‍ഭരണം വച്ചുപൊറുപ്പിക്കില്ലെന്നും പ്രതിപക്ഷം ബഹളം വച്ചു.