Sorry, you need to enable JavaScript to visit this website.

കേരള സ്റ്റോറി: ഹൈക്കോടതി ഉത്തരവിനെതിരായ ഹരജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും

ന്യൂദല്‍ഹി- വിദ്വേഷം വിളമ്പുന്ന സിനിമയായ കേരള സ്‌റ്റോറിയുടെ റിലീസ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ സുപ്രീംകോടതി പരിഗണിക്കും. ഈ മാസം 15നാണ് കേസ് സുപ്രീംകോടതിയുടെ പരിഗണിക്കുക. ഹൈക്കോടതി ചിത്രം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പില്‍ ഹരജി എത്തിയത്. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ചിത്രത്തെക്കുറിച്ച് വിശദമായ വാദം കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കേസ് പരിഗണിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം.

വിവാദമായതിന് പിന്നാലെ വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയെങ്കിലും ചിത്രത്തില്‍ ഇസ്ലാം മതത്തിനോ മുസ്ലിംകള്‍ക്കോ എതിരെ ഒന്നും തന്നെയില്ലെന്നും ഐഎസില്‍ചേര്‍ന്ന ഒരുകൂട്ടം സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് കേരള സ്‌റ്റോറിയെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും കണ്ട ശേഷമായിരുന്നു ജസ്റ്റിസുമാരായ എന്‍ നഗരേഷും സോഫി തോമസും ഇക്കാര്യം വ്യക്തമാക്കിയത്. അതിനാല്‍ തന്നെ ചിത്രം സ്‌റ്റേ ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചിത്രത്തിന്റ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരും ബലാത്സംഗം ചെയ്യുന്നവരായും ചിത്രീകരിക്കുന്ന നിരവധി സിനിമകള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയെന്നും തന്നെ നിരോധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ഇത്തരം സിനിമകള്‍ക്ക് അനാവശ്യ പ്രചാരണം നല്‍കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വിധിയുടെ പശ്ചാത്തലത്തില്‍ 'കേരള സ്‌റ്റോറി' സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചതിന് പിന്നാലെയായിരുന്നു അത്. സിനിമ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് അഭിഭാഷകനായ നിസാം പാഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അനുമതിക്കെതിരെ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നായിരുന്നു സുപ്രീംകോടതി നിലപാട്.

 

Latest News