Sorry, you need to enable JavaScript to visit this website.

നിങ്ങളും അത് ഷെയര്‍ ചെയ്‌തോ; താനൂരിലെ സോഷ്യല്‍ മീഡിയ ദുരന്തം

പൊതുജനങ്ങളിലേക്ക് എത്രയും വേഗം വിവരങ്ങള്‍ എത്തിക്കുന്നതിനുള്ള അമൂല്യമായ ഉപകരണമാണ് നമ്മുടെ കൈയിലുള്ള സോഷ്യല്‍ മീഡിയയെങ്കിലും കേരളത്തെ പിടിച്ചുലച്ച താനൂര്‍ ബോട്ട് ദുരന്തത്തിലും പതിവുപോലെ അതിന്റെ നിരുത്തരവാദിത്തമാണ് പ്രകടമായത്.
22 പേരുടെ ജീവനെടുത്ത ബോട്ട് ദുരന്തത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയും വലിയ ദുരന്തമായി മാറിയെന്നുവേണം പറയാന്‍. താനൂരില്‍ നേരമിരുട്ടുമ്പോഴുണ്ടായ ദുരന്തത്തെ കുറിച്ചും ഇരകളായവരെ കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചുമൊക്കെ തെറ്റായ ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് പ്രചരിച്ചത്. ദുരന്ത സ്ഥലത്തുനിന്നുള്ള വീഡിയോകളെന്ന് കരുതി സോഷ്യല്‍ മീഡിയയില്‍ ലഭ്യമായ വീഡിയോകള്‍ ആശ്രയിച്ചവരൊക്കെ കബളിപ്പിക്കപ്പെട്ടു.
ഏറ്റവും ഒടുവില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബ ഫോട്ടോയെന്ന പേരില്‍ പ്രചരിച്ചതും വ്യാജ ഫോട്ടോ. ഒരു കുടുംബത്തില്‍പെട്ടവര്‍ ദുരന്തത്തിന് ഇരയാകുന്നത് പൊതുവെ നമ്മുടെ മനസ്സിനെ കൂടുതല്‍ നൊമ്പരപ്പെടുത്തുന്ന കാര്യമായതിനാല്‍ തന്നെ മറ്റൊരു കുടുംബത്തിന്റെ ഫോട്ടോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും വാട്‌സ്ആപ്പിലും മറ്റും സ്റ്റാറ്റസ് ആയി മാറുകയും ചെയ്തു. ഫേക്ക് ന്യൂസാണെന്നും ഷെയര്‍ ചെയ്തവരും സ്റ്റാറ്റസ് ആക്കിയവരും അതു പിന്‍വലിക്കണമെന്നുമുള്ള അഭ്യര്‍ഥനമായി ആ കുടുംബത്തിനു രംഗത്തുവരേണ്ടി വന്നു.
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണ് ആളുകള്‍ ഉപയോഗിക്കുന്നതെന്ന ആരോപണങ്ങള്‍ പുതിയതല്ല. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരെ മനസ്സിലാക്കാം. എന്നാല്‍ താനൂര്‍ ബോട്ട് ദുരന്തം പോലെയുള്ള മനുഷ്യമനസ്സുകളെ ഉലയ്ക്കുന്ന സംഭവങ്ങളില്‍ എങ്ങനെ അതിവേഗത്തില്‍ വ്യാജ വാര്‍ത്തകളും വീഡിയോകളും ഉണ്ടാക്കപ്പെടുന്നുവെന്നത് ചിന്തിക്കേണ്ട വിഷയമാണ്. പിന്നാമ്പുറം അറിയാതെ ആയിരിക്കാം പലരും കിട്ടിയ പാടെ അവ ഷെയര്‍ ചെയ്തതെങ്കിലും അത് നിര്‍മിച്ചെടുത്തവരുടെ മാനസികാവസ്ഥ എത്രമാത്രം രോഗാതുരമാണ്. കോവിഡ് കാലത്ത് ഗള്‍ഫ് പ്രവാസികള്‍ യാത്രാ പ്രതിസന്ധി നേരിട്ടപ്പോഴും അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ച്  ആസ്വാദനം കണ്ടെത്തിയവരുണ്ട്.
സോഷ്യല്‍ മീഡിയ നമ്മെ സഹായിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നത് നമ്മള്‍ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. വസ്തുതകളൊന്നും പരിശോധിക്കാതെ കിട്ടിയ പാടെ നമ്മള്‍ അവ ഷെയര്‍ ചെയ്യുമ്പോള്‍ ധാരാളം പേര്‍ക്ക് വേദനയാണ് സമ്മാനിക്കുന്നതെന്ന കാര്യം തിരിച്ചറിയുക മാത്രമാണ് പരിഹാരം.
വസ്തുതകള്‍ പരിശോധിക്കപ്പെട്ട് യാഥാര്‍ഥ്യം പുറത്തുവന്ന ശേഷം ഞാനും അത് ഷെയര്‍ ചെയ്തു പോയല്ലോ എന്നു വിലപിച്ചിട്ടു കാര്യമില്ല.  വീഡിയോ ആയാലും ടെക്‌സ്റ്റ് മെസേജ് ആയാലും ഫേര്‍വേഡ് ചെയ്യുന്നതിനുമുമ്പ് അത് കാണാനും വായിക്കാനും നമ്മള്‍ സമയം കണ്ടെത്തണം. പലരും ഷെയര്‍ ചെയ്ത ശേഷമാകും മെസേജ് വായിക്കുന്നതു തന്നെ.
സോഷ്യല്‍ മീഡിയകളില്‍ മെസേജുകള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നത്, ആ മെസേജ് നമ്മള്‍ അംഗീകരിക്കുന്നതിന് തുല്യമാണ്. എന്തു പറഞ്ഞു എന്നതു പോലെ ആര് പറഞ്ഞു എന്നതിനും സമൂഹത്തില്‍  പ്രാധാന്യമുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന നമ്മള്‍ ഓരോരുത്തര്‍ക്കും കുടുംബത്തിലായാലും സമൂഹത്തിലായാലും അവരവരുടെ സ്ഥാനമുണ്ട്. ഞാനാണ് അയച്ചത് എന്നതു കൊണ്ടുമാത്രം വിശ്വാസത്തിലെടുക്കുന്ന ധാരാളംപേര്‍ നമുക്ക് ഓരോരുത്തര്‍ക്കുമുണ്ടാകും.  
സോഷ്യല്‍ മീഡിയയിലെ ഷെയറോ പോസ്‌റ്റോ ഫോര്‍വേര്‍ഡിങോ എന്തുമാകട്ടെ, ജാഗ്രത പാലിക്കണമെന്നാണ് നിയമവിദഗ്ധരും നല്‍കുന്ന മുന്നറിയിപ്പ്.
മറ്റൊരാളുടെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നതിലും ശ്രദ്ധ വേണം. ഇതുവഴി ഒരാള്‍ ആ പോസ്റ്റ് അംഗീകരിക്കുകയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. നിയമത്തിന് മുന്നില്‍ എഴുതിയ ആളും ഫോര്‍വേര്‍ഡ് ചെയ്തയാളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു ചുരുക്കം. എന്താണ് ഷെയര്‍ ചെയ്യുന്നത് എന്ന് ഓരോരുത്തര്‍ക്കും വ്യക്തമായ ബോധ്യമുണ്ടാകണം. പോസ്‌റ്റോ, കമന്റോ ഡിലീറ്റ് ചെയ്യാമെന്ന് കരുതി ആശ്വസിക്കേണ്ട, ഒരിക്കല്‍ പോസ്റ്റ് ചെയ്താല്‍ അതവിടെത്തന്നെയുണ്ടാകുമെന്ന കാര്യവും വിസ്മരിക്കരുത്.  
ഷെയര്‍ ചെയ്യാനും ഫോര്‍വേര്‍ഡ് ചെയ്യാനും ധൃതിപ്പെടേണ്ട കാര്യമില്ല.  നന്നായി ആലോചിച്ച ശേഷം മാത്രം മതി ഷെയറും ഫേര്‍വേഡും.ഷെയര്‍ ചെയ്യുന്നതിനുമുമ്പ് അതുകൊണ്ടുള്ള നേട്ടങ്ങളെപ്പറ്റി ആലോചിക്കണം. ഒരു നേട്ടവുമില്ലെങ്കില്‍ പരമാവധി ഷെയര്‍ ചെയ്യാതിരിക്കുക. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളാകില്ലെന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ സോഷ്യല്‍ മീഡിയ അമൂല്യമായ ഉപകരണമായി അവശേഷിക്കും.
വിദ്വേഷ പ്രചാരണത്തിലൂടെ ധ്രുവീകരിച്ച് രൂപപ്പെടുത്തിയ വര്‍ഗീയ മനസ്സുകളിലെ വിഷം പുറത്തുവന്നതിനും സോഷ്യല്‍ മീഡിയ തന്നെയാണ് സാക്ഷി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആസൂത്രിതമായി നടത്തുന്ന പ്രചാരണത്തിന്റെ ഫലമാണ് മലപ്പുറത്തല്ലേ, സാരമില്ലെന്ന കമന്റ്. മനുഷ്യമനസ്സുകളെ അകറ്റുന്നതിനും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന ശ്രമങ്ങളും തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്.  

പിന്‍കുറി
നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടിയും അതുപോലുള്ള പുതിയ സാങ്കേതിക വിദ്യകളും സമൂഹത്തിനുവരുത്തന്ന ദോഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗോള ടെക് ഭീമന്മാരുടെ മേധാവികളെ കഴിഞ്ഞ ദിവസം യു.എസ് അധികൃതര്‍ വൈറ്റ് ഹൗസിലേക്ക് വിളിപ്പിച്ചിരുന്നു. അതിനായി നല്‍കിയ ക്ഷണക്കത്തില്‍ വലിയ കാര്യമായി നിങ്ങള്‍ അവതരിപ്പിച്ച സോഷ്യല്‍ മീഡിയ ദുരന്തമായില്ലേ എന്നാണ് കുറ്റപ്പെടുത്തിയത്.  

 

 

 

Latest News