ടൊറന്റോ- കണ്‍സര്‍വേറ്റീവ് എം. പിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ ചൈനീസ് നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള ഏത് തീരുമാനവും വളരെ ശ്രദ്ധയോടെ മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ചൈനക്കെതിരായ ഏതു തീരുമാനവും കനേഡിയന്‍ ജനതയുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്കും എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്ന് ആലോചിക്കുകയും ചൈനീസ് തിരിച്ചടികള്‍ സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ടെന്നും ട്രൂഡോ പറഞ്ഞു.
കണ്‍സര്‍വേറ്റീവ് എം. പി മൈക്കല്‍ ചോങ് കഴിഞ്ഞയാഴ്ചയാണ് ഒരു റിപ്പോര്‍ട്ട് വന്നതിന് ശേഷം, 2021 ല്‍ സി. എസ്. ഐ. എസിന് വിവരം ലഭിച്ചതായി കണ്ടെത്തിയത്. തന്നെയും ഹോങ്കോങ്ങിലെ അദ്ദേഹത്തിന്റെ കുടുംബത്തെയും ഭയപ്പെടുത്താനുള്ള വഴികള്‍ ചൈനീസ് സര്‍ക്കാര്‍ നോക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്. ചൈനയിലെ ഉയ്ഗൂര്‍ മുസ്‌ലിംകളോട് ബീജിംഗിന്റെ പെരുമാറ്റം വംശഹത്യയായി മുദ്രകുത്തുന്ന പ്രമേയം ഹൗസ് ഓഫ് കോമണ്‍സില്‍ ചോങ് അവതരിപ്പിച്ചിരുന്നു.
സി. എസ്. ഐ. എസ് പുറത്തുള്ള ആരോടും ഭീഷണിയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് ട്രൂഡോ പറഞ്ഞു. എന്നാല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് വിവരം അറിയാമെന്ന് തന്നോട് പറഞ്ഞതായി ചോങ് പറഞ്ഞു.