Sorry, you need to enable JavaScript to visit this website.

മണിപ്പൂര്‍ കലാപം; പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹരജി തിങ്കളാഴ്ച സുപ്രിം കോടതിയില്‍

ന്യൂദല്‍ഹി- മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന ആ്ക്രമണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന ഗോത്രവിഭാഗങ്ങളുടെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. മണിപ്പൂര്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കായി ദല്‍ഹി ആസ്ഥാനമായുള്ള സംഘടനയാണ് ഹരജി സമര്‍പ്പിച്ചത്.

മെയ് ആറിന് സമര്‍പ്പിച്ച ഹര്‍ജി മെയ് എട്ടിന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെയാണെത്തുക. ജസ്റ്റിസുമാരായ പി. എസ്. നരസിംഹ, ജെ. ബി. പര്‍ദിവാല എന്നിവരാണ് മറ്റു ജഡ്ജിമാര്‍. 

മണിപ്പൂര്‍ ട്രൈബല്‍ ഫോറം അഭിഭാഷകന്‍ സത്യ മിത്ര, മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും ആക്രമണങ്ങള്‍ക്ക് സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുള്ള പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും പറഞ്ഞു. പ്രബല ഗ്രൂപ്പിനെ പിന്തുണയ്ക്കുകയും മതേതര ഇതര അജണ്ടയുടെ പേരില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.

ദേശീയ തലസ്ഥാനത്ത് പോലും കുക്കികള്‍ 'പ്രബല സമൂഹത്തിന്റെ' ആക്രമണത്തിന് ഇരയായതായി മണിപ്പൂര്‍ ട്രൈബല്‍ ഫോറം പറഞ്ഞു.

'ആക്രമണങ്ങള്‍ ദല്‍ഹിയിലേക്കും വ്യാപിച്ചു. ദല്‍ഹിയിലെ കുക്കികളും പ്രബല സമുദായത്തിന്റെ ആക്രമണത്തിന് വിധേയരാകുന്നു. മേഘാലയയിലും സമാനമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. മണിപ്പൂരില്‍ സായുധ സംഘങ്ങള്‍ സെമി ഓട്ടോമാറ്റിക് ആയുധങ്ങളുമായി വീടുകളില്‍ തിരച്ചില്‍ നടത്തുന്നത് കണ്ടതായി ഹര്‍ജിയില്‍ പറയുന്നു.

ആദിവാസികള്‍ക്കെതിരായ ആക്രമണത്തിനിടെ അക്രമികളുടെ ഏതാനും വീഡിയോകളും ഫോട്ടോകളും ഹര്‍ജിക്കാരുടെ പക്കലുണ്ട്. ഈ വീഡിയോകളിലും ഫോട്ടോകളിലും ചിലത് പള്ളികള്‍ കത്തിക്കുന്നതും ആദിവാസികളെ മര്‍ദിക്കുന്നതും അക്രമികള്‍ സെമി- ഓട്ടോമാറ്റിക് ആയുധങ്ങളുമായി നടക്കുന്നതും ചിത്രീകരിച്ചിട്ടുണ്ട്. ഇത് പോലീസ് സേനയെപ്പോലും അതിശയിപ്പിക്കുന്നതാണ്. അത്തരം ആധുനികവും മാരകവുമായ ആയുധങ്ങള്‍ കൈവശം വയ്ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഓണ്‍ലൈന്‍ വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിക്കുന്നതായും ഹര്‍ജിയില്‍ വിശദമാക്കുന്നു. 

മേയ് മൂന്നിനാണ് ആക്രമണങ്ങള്‍ ആരംഭിച്ചതെന്ന് ഫോറം പറഞ്ഞു. ഇതുവരെ ഏകദേശം 41 ചര്‍ച്ചുകള്‍ തകര്‍ക്കുകയും  ജനക്കൂട്ടം അക്രമം അഴിച്ചുവിടുകയും വീടുകളും വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും ആദിവാസികളുടെ ആശുപത്രികളും കത്തിക്കുകയും ചെയ്തതായും ഹര്‍ജിയില്‍ പറഞ്ഞു.

കത്തിനശിച്ച ഗ്രാമങ്ങളെക്കുറിച്ച് അന്വേഷിക്കാനും അക്രമത്തില്‍ നശിച്ച വസ്തുക്കളുടെ മൂല്യം വിലയിരുത്താനും സംഘത്തെ നിയോഗിക്കണമെന്ന് സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 58 വില്ലേജുകളെങ്കിലും ഹര്‍ജിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പള്ളികള്‍ പുനര്‍നിര്‍മിക്കാനും സംസ്ഥാനത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

മുപ്പത് ആദിവാസികളെ പ്രബല സമുദായം കൊല്ലുകയും 132 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടക്കുകയോ ചെയ്തിട്ടില്ല. കാരണം പോലീസ് തന്നെ പ്രബല സമുദായത്തിന്റെ പക്ഷത്തായതിനാല്‍ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ വെറുതെ നില്‍ക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും അസമിലെ മുന്‍ ഡി. ജി. പിയുടെ നേതൃത്വത്തില്‍ പ്രത്യേക അ്‌ന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കണമെന്ന് ഫോറം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആറ് സി. ആര്‍. പി. എഫ് ക്യാമ്പുകളില്‍ അഭയം പ്രാപിച്ച ഗോത്രവര്‍ഗക്കാര്‍ നേരിടുന്ന അവസ്ഥ പരിതാപകരവും ദയനീയവുമാണെന്ന് ആദിവാസി സംഘടന ആരോപിച്ചു. ആയിരത്തിലേറെ ഗോത്രവര്‍ഗ്ഗക്കാരുള്ളതില്‍ പലര്‍ക്കും ഭക്ഷണമില്ലെന്നും ദിവസങ്ങളായി കുളിക്കാന്‍ സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. അവരുടെ അവസ്ഥ പരിതാപകരവും ദയനീയവുമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മെയ്തേയ് സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കാനുള്ള സംസ്ഥാന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മണിപ്പൂര്‍ നിയമസഭയുടെ ഹില്‍ ഏരിയസ് കമ്മിറ്റി ചെയര്‍മാന്‍ ഡിംഗംഗ്ലുങ് ഗാങ്‌മേയ് സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയും ബെഞ്ച് പരിഗണിക്കും. ഹൈക്കോടതി ഉത്തരവാണ് മണിപ്പൂരില്‍ മെയ്തേയ്- കുക്കി സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Latest News