ന്യൂദല്‍ഹി- സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ ആവശ്യപ്പെട്ടു. ബിജെപി വാഗ്ദാനം ചെയ്ത സദ്ഭരണത്തിന് എന്തു സംഭവിച്ചുവെന്ന് ശരിയായ ചിന്താഗതിക്കാരായ എല്ലാ ഇന്ത്യക്കാരും ചിന്തിക്കണമെന്നും മണിപ്പൂരിലെ വോട്ടര്‍മാര്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
ബിജെപിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മണിപ്പൂരിലെ വോട്ടര്‍മാര്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. അവിടെ രാഷ്ട്രപതി ഭരണത്തിന് സമയമായി. എന്തിനു വേണ്ടിയാണോ തെരഞ്ഞെടുക്കപ്പെട്ടത് ആ ജോലി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല- തരൂര്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന ബിജെപി, സംസ്ഥാനത്തെ സമാധാനം തകര്‍ത്തുവെന്നായിരുന്നു വിമര്‍ശനം. പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുല്‍ഗാന്ധിയും ട്വീറ്റ് ചെയ്തു.
ഇംഫാല്‍ താഴ്‌വരയില്‍ താമസിക്കുന്ന ഹിന്ദു വിഭാഗമായ മെയ്തികളും മലയോര മേഖലകളിലെ ക്രിസ്ത്യന്‍ ഗോത്ര വിഭാഗമായ കുകികളും തമ്മിലാണ് മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)