മഥുര- ആളുകളുടെ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉണ്ടാക്കി അവരുടെ ബന്ധുക്കളെ കബളിപ്പിച്ച് പണം തട്ടുന്ന കൗമാരക്കാരന്‍ ഉത്തര്‍പ്രദേശിലെ മഥുരയില്‍ പിടിയിലായി. ആളുകളുടെ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ സൃഷ്ടിച്ച് അടിയന്തര ചികിത്സക്കെന്ന പേരിലാണ് അവരുടെ കുടുംബക്കാരില്‍
നിന്ന് പണം ആവശ്യപ്പെട്ടിരുന്നത്. 15 വയസ്സായ ആണ്‍കുട്ടിയെ ആണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22 ന് തന്റെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും തന്റെ ഐഡന്റിറ്റിയും ഫോട്ടോകളും ഉപയോഗിച്ച് ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം ആവശ്യപ്പെടുന്നതായും കാണിച്ച് ഒരു സ്ത്രീ പരാതി നല്‍കിയിരുന്നു.
ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ തനിക്ക് അടിയന്തരമായി പണം ആവശ്യമാണെന്നും രണ്ട് ദിവസത്തിനകം തിരികെ നല്‍കുമെന്നുമാണ് കൗമാരക്കാരന്‍ പരാതിക്കാരിയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്. ബന്ധുക്കളില്‍ ഒരാള്‍ കൗമാരക്കാരന് 80,000 രൂപ കൈമാറിയതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അന്വേഷണം നടത്തിവന്ന പോലീസ് ബുധനാഴ്ച മഥുരയില്‍ റെയ്ഡ് നടത്തിയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിടികൂടിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)