മുംബൈ- കേരളത്തിന്റെ സ്വന്തം ആയോധന കലയായ കളരിപ്പയറ്റ് അഭ്യസിക്കുന്ന ബോളിവുഡ് നടി സുസ്മതി സെന്നിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു. തന്റെ ഷോ ആയ ആര്യ 3 നുവേണ്ടിയാണ് സുസ്മിത കളരി അഭ്യസിക്കുന്നത്. പരിശീലകനോട് നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് സുസ്മിത ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്‍. വ്യായാമ വീഡിയോകളും വിശേഷങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. കളരിപ്പയറ്റ് പരിശീലനത്തില്‍ മുഴുകിയ സുസ്മിതയുടെ വീഡിയോയില്‍ പരിശീലകനായ സുനിലിനെയും കാണാം.
'നിങ്ങള്‍ അതിശയിപ്പിക്കുന്നു സര്‍. നിങ്ങളോടും കളരിപ്പയറ്റ് കലയോടും വലിയ സ്‌നേഹവും ബഹുമാനവും,' എന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് സുസ്മിത കുറിച്ചത്.
ഈ വര്‍ഷമാദ്യം ഹൃദയാഘാതത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു സുസ്മിത. എന്നാല്‍ താരം ഇപ്പോള്‍ ആര്യ 3നായി കഠിനാധ്വാനത്തിലാണ്. ആര്യ 3യുടെ ചിത്രീകരണത്തിനിടെയാണ് സുസ്മിതയുടെ ആരോഗ്യനില മോശമായതും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതും.
ആര്യ 3 കൂടാതെ താലി എന്ന പരമ്പരയിലും സുസ്മിത സെന്‍ അഭിനയിക്കുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരി സാവന്ത് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുസ്മിത അവതരിപ്പിക്കുന്നത്. മറാത്തി സംവിധായകന്‍ രവി ജാദവാണ് താലി സംവിധാനം ചെയ്യുന്നത്.
സുസ്മിതയെ നായികയാക്കി സൂപ്പര്‍ ഹീറോ മൂവി പിടിക്കണമെന്നാണ് കളരിപ്പയറ്റ് വീഡിയോക്ക് താഴെ ആരാധകരില്‍ ഒരാള്‍ നല്‍കിയ കമന്റ്.