നിസ്സാര പ്രശ്‌നം; വിവാഹ ദിവസം വരന്റെ ഉമ്മയെ തല്ലിക്കൊന്നു

ഗോപാല്‍ഗഞ്ച്- ബിഹാറില്‍ മകന്റെ വിവാഹത്തിന് തൊട്ടു മുമ്പ് നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ മാതാവിനെ തല്ലിക്കൊന്നു. മരിച്ച സ്ത്രീയുടെ മകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. മഞ്ച പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഭവാനിഗഞ്ച് ഗ്രാമത്തിലാണ് സംഭവം. ഷൈറ ഖാത്തൂന്‍ എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതികളെല്ലാം ഒളിവിലാണ്. പ്രത്യേക സംഘത്തെ രൂപീകരിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ സദര്‍ എസ്ഡിപിഒ പ്രഞ്ജലിനെ ചുമതലപ്പെടുത്തിയതായി ഗോപാല്‍ഗഞ്ച് എസ്.പി സ്വര്‍ണ പ്രഭാത് അറിയിച്ചു.
വ്യാഴാഴ്ചയാണ് മുഹമ്മദ് ഫാറൂഖിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. അയല്‍വീട്ടുകാരാണ്  വിവാഹം നടക്കാനിരുന്ന വീട്ടില്‍ ഇഷ്ടികയും വടിയും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രണം നടത്തിയത്.
കൊല്ലപ്പെട്ട ഷൈറ ഖാത്തൂന്റെ ഭര്‍ത്താവ് മുസ്താഖ് അന്‍സാരി, അബ്ദുള്‍ ഗഫാര്‍, ഇഷ്‌തേയാഖ് അലി എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഷൈറ ഖാത്തൂനെ സമീപത്തെ സദര്‍ ആശുപത്രിയില്‍നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി ഗോരഖ്പൂരിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് യുവതി മരിച്ചത്. പോലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അയല്‍ വീട്ടുകാര്‍ തമ്മിലുണ്ടായിരുന്ന നിസ്സാര പ്രശ്‌നമാണ് വിവാഹ ദിവസം കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

 

Latest News