ന്യയോര്‍ക്ക്- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകട സാധ്യതകളെ കുറിച്ച് സ്വതന്ത്രമായി സംസാരിക്കാന്‍ ജെഫ്രി ഹിന്റണ്‍ ഗൂഗ്‌ളില്‍ നിന്നും രാജിവെച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ് ഫാദര്‍ എന്നാണ് ഗൂഗിളിന്റെ മുതിര്‍ന്ന ജീവനക്കാരന്‍ കൂടിയായ ജെഫ്രി ഹിന്റണ്‍ അറിയപ്പെട്ടിരുന്നത്.
ഗൂഗ്‌ളിനെ വിമര്‍ശിക്കാനാണ് താന്‍ രാജിവെച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസില്‍ കേഡ് മെറ്റ്‌സ് പറയുന്നതെങ്കിലും എ. ഐയുടെ അപകട സാധ്യതകളെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാന്‍ വേണ്ടിയാണ് ഗൂഗ്ള്‍ വിട്ടതെന്നും ഗൂഗ്‌ളിനെ ഇത് എങ്ങനെ ബാധിക്കുന്നുവെന്നത് പരിഗണിച്ചിട്ടില്ലെന്നും ഗൂഗ്ള്‍ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നും ഹിന്റണ്‍ ട്വീറ്റ് ചെയ്തു.
അപകടങ്ങള്‍ എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയുമെന്നും അതില്‍ ചിലത് തികച്ചും ഭയാനകമാണെന്നും ഹിന്റണ്‍ പറഞ്ഞു. ഇപ്പോള്‍, അവര്‍ നമ്മളെക്കാള്‍ ബുദ്ധിയുള്ളവരല്ലെങ്കിലും ഉടന്‍ തന്നെ ബുദ്ധിയുള്ളവരാകുമെന്നാണ് കരുതുന്നതെന്നും ബി. ബി. സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.