കൽപറ്റ-കർണാടകയിൽ പഴയ ഇഞ്ചി വില ചാക്കിന്(54 കിലോഗ്രാം)പതിനായിരം രൂപയിലെത്തി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് മെയ് ആദ്യവാരം പഴയിഞ്ചി ചാക്കിന് 10,000 രൂപ വില ലഭിക്കുന്നതെന്നു ലീസ് കർഷകർ പറയുന്നു. വില കുത്തനെ ഉയർന്നെങ്കിലും കഴിഞ്ഞ വർഷം നട്ട ഇഞ്ചി വിളവെടുക്കാൻ ബാക്കിയുള്ളവർക്കു മാത്രമാണ് നേട്ടം. ഇടത്തരം കർഷകരിൽ പലരും വിളവെടുപ്പ് നേരത്തേ നടത്തിയിരുന്നു. കർണാടകയിൽ മൈസൂരു, ഷിമോഗ, മാണ്ഡ്യ, ഹാസൻ, ചാമരാജ്നഗർ, ഹുബ്ലി, ഹാവേരി, കൂർഗ് ജില്ലകളിലാണ് മലയാളികൾ പ്രധാനമായും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി ഉൾപ്പെടെ കൃഷികൾ നടത്തുന്നത്.
ജനുവരിയിൽ കർണാടകയിൽ പഴയിഞ്ചി ചാക്കിന് ശരാശരി 2,000 രൂപയായിരുന്നു വില. ഇത് ഏപ്രിൽ ആദ്യവാരം 5,500 രൂപയിലെത്തി. മാസാവസാനം വില 8,000 രൂപയായി ഉയർന്നു. ബുധനാഴ്ച ചാക്കിനു 9,000 രൂപയ്ക്കായിരുന്നു കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇഞ്ചിക്കച്ചവടം. ഇതാണ് ഇന്നലെ പതിനായിരം രൂപയിലെത്തിയത്. വർധിച്ച ഡിമാന്റിന്റെയും വിതരണത്തിലെ കുറവിന്റെയും പശ്ചാത്തലത്തിൽ വില ഇനിയും ഉയരുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.
കർണാടകയിൽ ഇഞ്ചി നടീൽ പുരോഗതിയിലാണ്. ഇതിനിടെ പഴയിഞ്ചി വില വർധിക്കുന്നത് കർഷകരെ പൊതുവെ ആവേശത്തിലാക്കി. കൂടുതൽ കൃഷി ചെയ്യുന്നതിനായി ഭൂമി പാട്ടത്തിനെടുക്കുന്നവർ നിരവധിയാണ്. ഒരേക്കർ കരഭൂമിക്കു 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് 18 മാസത്തെ പാട്ടം. ജലസേചന സൗകര്യമുള്ള വയൽ ഏക്കറിനു ഒന്നര ലക്ഷം രൂപ വരെ പാട്ടം പ്രാബല്യത്തിലുണ്ട്.