ബാങ്കോക്ക്- ലോകം റഷ്യയിലെ ലോകകപ്പ് ഫുട്‌ബോൾ ആരവത്തിൽ മുങ്ങിയിരിക്കുമ്പോൾ തായ്‌ലാൻഡിൽ ഫുട്‌ബോൾ ദുരന്തം. കൗമാര ഫുട്‌ബോൾ ടീമും അവരുടെ കോച്ചും ഉൾപ്പെടെ 13 പേർ ഒന്നടങ്കം ഗുഹയിൽ അകപ്പെട്ടിട്ട് രണ്ടു ദിവസം പിന്നിടുന്നു. ഇവരെ കണ്ടെത്താനായി ഊർജ്ജിത രക്ഷാ പ്രവർത്തനം നടന്നുവരികയാണ്. ഒരാൾക്കു മാത്രം കയറാവുന്ന വഴിയിലൂടെ ഗുഹയ്ക്കുള്ളിലേക്കു പോയ 11നും 15നുമിടയിൽ പ്രായമുള്ള കൗമാര താരങ്ങളേയും അവരുടെ 25കാരനായ കോച്ചിനേയുമാണ് കാണാതായത്. ഇവരുടെ സൈക്കിളുകൾ പുറത്ത് ഏറെ നേരം കിടക്കുന്നത് കണ്ടതോടെയാണ് ഇവർ ഗുഹയിലകപ്പെട്ടെന്ന് ഉറപ്പിച്ചത്. ഓക്‌സിജൻ അളവ് കുറഞ്ഞതും ഇരുട്ടേറിയതുമായ ഗുഹ ശൃംഖലയ്ക്കുള്ളിലാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്.
ഗുഹാമുഖത്തു കൂടി ഒഴുകുന്ന അരുവിയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് ജലനിരപ്പുയർന്നോടെ ഗുഹകളിലേക്കുള്ള വഴിയടഞ്ഞത് രക്ഷാ പ്രവർത്തനവും ദുഷ്‌കരമായിരിക്കുകയാണ്. ഇതുവരെ ആരും എത്തിപ്പെടാത്ത നിഗൂഢ ഗുഹകൾക്ക് പേരു കേട്ട വടക്കൻ തായ്‌ലാൻഡ് പ്രവിശ്യയായ ചിയാങ് റായിലെ താം ലോങ് നാങ് നോൻ ഗുഹയിൽ ശനിയാഴ്ച വൈകുന്നേരമാണ് ഇവർ അകപ്പെട്ടത്.
അഞ്ച് മൈലുകൾ ദൂരമുള്ള ഗുഹയുടെ പല ഭാഗങ്ങളും മഴക്കാലത്ത് അഞ്ചു മീറ്റർ വരെ ജലനിരപ്പ് ഉയരാറുണ്ടെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന പോലീസ് മേധാവി കൊംസൻ സാർദ്‌ലുവാൻ പറഞ്ഞു.
പ്രവിശ്യയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളടങ്ങുന്നതാണ് ഫുട്‌ബോൾ ടീം. ഗുഹ സ്ഥിതിചെയ്യുന്ന പാർക്കിൽ പരിശീലനത്തിനെത്തിയതായിരുന്നു ടീം.