ഖാർത്തൂം- സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സൗദി കള്‍ച്ചറല്‍ അറ്റാഷെ കെട്ടിടത്തിനു നേരെ ആക്രമണം. ഒരു സംഘം ആയുധധാരികള്‍ കള്‍ച്ചറല്‍ അറ്റാഷെ കെട്ടിടത്തില്‍ അതിക്രമിച്ചു കയറി ഉപകരണങ്ങളും സി.സി.ടി.വികളും കേടുവരുത്തുകയും ഏതാനും വസ്തുവകകള്‍ കൊള്ളയടിക്കുകയുമായിരുന്നു. കള്‍ച്ചറല്‍ അറ്റാഷെ കെട്ടിടത്തിലെ സിസ്റ്റങ്ങളും സെര്‍വറുകളും സംഘം കേടുവരുത്തി.
സംഭവത്തെ സൗദി വിദേശ മന്ത്രാലയം രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. നയതന്ത്ര കാര്യാലയങ്ങളുടെ പവിത്രത എല്ലാവരും മാനിക്കുകയും സൗദി കള്‍ച്ചറല്‍ അറ്റാഷെ കെട്ടിടത്തിനു നേരെ ആക്രമണം നടത്തിയ കുറ്റവാളികളെ ശിക്ഷിക്കുകയും വേണം. സുഡാനില്‍ സംഘര്‍ഷത്തിലുള്ള കക്ഷികള്‍ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സുഡാനില്‍ കഴിയുന്ന വിദേശികള്‍ക്കും സുഡാനിലെ സാധാരണക്കാര്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കണമെന്നും സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.
ഖാര്‍ത്തൂം സൗദി കള്‍ച്ചറല്‍ അറ്റാഷെ കെട്ടിടത്തിനു നേരെ ആക്രമണം നടത്തി കെട്ടിടത്തില്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്തതിനെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ സെക്രട്ടേറിയറ്റ് ജനറല്‍ അപലപിച്ചു. സുഡാനില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും നയതന്ത്ര കെട്ടിടങ്ങളുടെ പവിത്രത മാനിക്കണമെന്നും നയതന്ത്രജ്ഞര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു. അതിനിടെ, സുഡാനില്‍ ഇന്നു മുതല്‍ ഏഴു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ പരസ്പരം പോരടിക്കുന്ന സൈനിക വിഭാഗങ്ങള്‍ ധാരണയിലെത്തിയതായി ദക്ഷിണ സുഡാന്‍ വിദേശ മന്ത്രാലയം അറിയിച്ചു.