കര്‍ണാടകയില്‍ സ്‌കൂള്‍ ശുചിമുറിയില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍

ബംഗളൂരു- കര്‍ണാടകയിലെ കുഡഗു ജില്ലയിലെ പ്രമുഖ സൈനിക സ്‌കൂളിലെ ശുചിമുറിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരമാണ് അബോധാവസ്ഥയില്‍ വിദ്യാര്‍ത്ഥിയെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. കൊലപാതക ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലും നാല് അധ്യാപകരും പോലീസി നിരീക്ഷണത്തിനാണ്.

കൊല്ലപ്പെട്ട 14-കാരന്റെ അച്ഛന്‍ സ്‌കൂളിലെ സ്‌പോര്‍ട്‌സ് കോച്ച് കൂടിയാണ്. മകനെ ചില അധ്യാപകര്‍ പീഡിപ്പിക്കുന്നതായി ഇദ്ദേഹം സ്‌കൂള്‍ അധികൃതര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ വൈസ് പ്രിസന്‍സിപ്പല്‍ ഈ പരാതി അവഗണിച്ചെന്നാണ് ആരോപണം. കൊല്ലപ്പെട്ട ദിവസം വിദ്യാര്‍ത്ഥിയെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അധ്യാപകന്‍ ചോദ്യം ചെയ്തിരുന്നു. വൈകുന്നേരമാണ് വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസ് അന്വേഷണത്തിന് പോലീസിനു എല്ലാ സഹായങ്ങളും നല്‍കുമെന്ന് സൈനിക് സ്‌കൂള്‍ അധികൃതര്‍  അറിയിച്ചു.

വിദ്യാര്‍ത്ഥിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്കു പുറത്ത് കഴിഞ്ഞ ദിവസം രാത്രി ഇവരുടെ സ്വദേശമായ കുശാല്‍നഗറില്‍ നിന്നെത്തിയ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു. പോലീസിനെ വിവരമറിയിക്കാതെയാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഗുജറാത്തിലെ വഡോദരയിലെ സ്‌കൂളില്‍ സമാനരീതിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തിനു തൊട്ടുപിറകെയാണ് കര്‍ണാടകയിലെ കൊല.
 

Latest News