Sorry, you need to enable JavaScript to visit this website.

യൂസഫലിക്ക് എതിരേ വ്യാജ ആരോപണം: ഷാജന്‍ സ്‌കറിയക്ക് ലഖ്‌നൗ കോടതിയുടെ സമന്‍സ്

ലഖ്‌നൗ -  പ്രമുഖ വ്യവസായി യൂസഫലി, വിവേക് ഡോവല്‍ എന്നിവര്‍ക്ക് എതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസില്‍ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് സമന്‍സ്. ലഖ്‌നൗ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആണ് സമന്‍സ് അയച്ചത്. ഷാജന്‍ സ്‌കറിയക്ക് പുറമെ മറുനാടന്‍ മലയാളിയുടെ സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ഗ്രൂപ്പ് എഡിറ്റര്‍ റിജു എന്നിവര്‍ക്കും കോടതി സമന്‍സ് അയച്ചു. മൂന്ന് പേരോടും ജൂണ്‍ ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകണം എന്ന് നിര്‍ദേശിച്ച് കൊണ്ടാണ് സമന്‍സ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ മുഖേന സമന്‍സ് ഷാജന്‍ സ്‌കറിയ കൈപ്പറ്റാന്‍ കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ മുകുള്‍ ജോഷിയാണ് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ക്ക് വേണ്ടി ഹാജരായത്.

ലഖ്‌നൗവിലെ ലുലുമാള്‍ ഡയറക്ടര്‍ രജിത് രാധ കൃഷ്ണന്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിലാണ് കോടതി സമന്‍സ് അയച്ചത്. മറുനാടന്‍ മലയാളിയുടെ യൂ ട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്ത രണ്ട് വീഡിയോകള്‍ക്ക് എതിരെയാണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. ഈ രണ്ട് വീഡിയോകളിലും യൂസഫലി, വിവേക് ഡോവല്‍ എന്നിവര്‍ക്ക് എതിരെ ഷാജന്‍ സ്‌കറിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് ആരോപിച്ച് നല്‍കിയ കേസിലാണ് സമന്‍സ്. ഷാജന്‍ സ്‌കറിയ ചെയ്ത വീഡിയോവിലെ ആരോപണങ്ങള്‍ പ്രഥമ ദൃഷ്ട്യാ അപകീര്‍ത്തികരവും, സത്യവുമായി ഒരു ബന്ധവുമില്ല എന്നും വ്യക്തമാക്കിയാണ് കോടതി പ്രതികള്‍ക്ക് നേരിട്ട് ഹാജരാകുന്നതിനുള്ള സമന്‍സ് അയച്ചത്.

നോട്ട് അസാധുവാക്കലിന് ശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജി എന്‍ വൈ ഏഷ്യാ ഹെഡ്ജ് ഫണ്ട് അകൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നായിരുന്നു ഷാജന്‍ സ്‌കറിയ വീഡിയോവില്‍ ആരോപിച്ചിരുന്നത്. യൂസഫലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ആയ മുഹമ്മദ് അല്‍ത്താഫിന് ഈ ഇടപാടും ആയി ബന്ധം ഉണ്ടെന്നും വീഡിയോവില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ വീഡിയോ ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ആരോപിച്ചാണ് ലഖ്‌നോ കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകനാണ് വിവേക് ഡോവല്‍.

 

Latest News