'ബൂമറാങ്' സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സങ്കടമുണ്ടെന്ന് നടി സംയുക്ത. തന്റെ പേരിനൊപ്പമുള്ള മേനോന്‍ എന്ന ജാതിവാല്‍ മാറ്റിയല്ലോയെന്ന ചോദ്യത്തോടാണ് ഷൈന്‍ രൂക്ഷമായി പ്രതികരിച്ചത്. മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണം എന്നായിരുന്നു ഷൈനിന്റെ വിമര്‍ശം.
സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന സംയുക്ത അന്ന് പ്രമോഷനെത്തിയിരുന്നില്ല. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ എന്നും ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം കൂടുതല്‍ എന്നൊന്ന് ഇല്ല എന്നും നടന്‍ പ്രതികരിച്ചു. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്, എന്നും ഷൈന്‍ പറഞ്ഞു.
എന്നാല്‍ ജാതിവാലിനെകുറിച്ച് ഷൈന്‍ സംസാരിക്കുന്നതിനിടയില്‍ ഞാനെടുത്ത തീരുമാനവുമായി കൂട്ടിയിണക്കി പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ വളരെ സങ്കടം തോന്നിയെന്ന് സംയുക്ത പറഞ്ഞു. സാഹചര്യം മറ്റൊന്നായിട്ടും ഏറെ പുരോഗമനപരമായി താനെടുത്ത തീരുമാനത്തോട് കൂട്ടിയിണക്കി ഷൈന്‍ ടോം അങ്ങനെ സംസാരിച്ചത് വലിയ സങ്കടമുണ്ടാക്കിയെന്ന് സംയുക്ത പറയുന്നു. 'വിരുപക്ഷ' എന്ന തെലുങ്ക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.
'ജാതിവാല്‍ വേണ്ടെന്ന് വച്ചത് സ്വന്തം തീരുമാനമായിരുന്നു. ഇന്നും അങ്ങനെ വിളിക്കുമ്പോള്‍ അരോചകമായാണ് തോന്നുക. അദ്ദേഹം പറഞ്ഞതില്‍ എനിക്ക് സങ്കടം തോന്നിയത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന്, ഞാന്‍ വളരെ പുരോഗമനപരമായി എടുത്ത ഒരു തീരുമാനമാണ് എന്റെ പേരിന്റെ കൂടെ ജാതിവാല്‍ വേണ്ട എന്നുള്ളത്. ഒരു സ്ഥലത്തങ്ങനെ പറഞ്ഞെന്നു കരുതി മാറുന്ന കാര്യമല്ല ഇത്. മറ്റൊരു സ്ഥലത്ത് പോകുന്ന സമയത്ത് എന്നെ ഈ ജാതിവാല്‍ ചേര്‍ത്ത് തന്നെയാണ് വിളിക്കുന്നത്. ഇതുണ്ടായ സാഹചര്യം ഞാന്‍ ഒരു സിനിമയുടെ ഭാഗമായി ചെന്നൈയില്‍ പോയപ്പോഴായിരുന്നു. അവിടെയും പഴയതു പോലെ എന്ന് ജാതിവാല്‍ ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ അതെനിക്ക് അരോചകമായാണ് തോന്നിയത്- സംയുക്ത പറഞ്ഞു.