താരസംഘടനയായ അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന അമ്മ വാര്‍ഷികയോഗത്തിലാണ് തീരുമാനം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ പിന്നാലെയാണ് സംഘടനയില്‍നിന്നു പുറത്താക്കിയത്. മാധ്യമ പടയെ പുറത്ത് നിര്‍ത്തിയാണ് താരസംഘടന നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിച്ചത്. സാങ്കേതികമായി പോലും പുറത്താക്കല്‍ തീരുമാനം നിലനില്‍ക്കില്ലന്നും ആരോട് ചോദിച്ചാണ് പുറത്താക്കിയതെന്നും മിക്ക താരങ്ങളും പൊട്ടിത്തെറിച്ചു. വനിതാ സിനിമാ സംഘടനക്കെതിരെയും രൂക്ഷ വിമര്‍ശനമുണ്ടായി. ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തതിന്റെ അടുത്ത ദിവസം തന്നെ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര നിര്‍വാഹക സമിതി യോഗത്തിലാണ് ദിലിപിനെ സംഘടനയില്‍ പുറത്താക്കിയത്.17 അംഗ നിര്‍വാഹക സമിതിയില്‍ എട്ടു പേരാണ് അന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. മുന്‍പു തിലകനെതിരെ നടപടിയെടുത്തത് ഈ രീതിയിലായിരുന്നെന്നും ദിലീപിനെ പുറത്താക്കിയതില്‍ ഇതു പാലിക്കപ്പെട്ടില്ല എന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ചുമതലയേറ്റു. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയുടെ ആദ്യജനറല്‍ ബോഡി യോഗമാണ് ചേര്‍ന്നത്. മുകേഷാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവരും ചുമതലയേറ്റു.യോഗത്തില്‍ അംഗങ്ങളുടെ എണ്ണം കുറഞ്ഞതില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു. പൊതുയോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. പതിവ് വാര്‍ത്താസമ്മേളനവും നടത്തിയിരുന്നില്ല. ഫേസ്ബുക്ക് ലൈവിലൂടെയാണ് കാര്യങ്ങള്‍ അറിയിച്ചത്.