ബംഗളുരു- നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ഭാരതീയ ജനതാ പാര്‍ട്ടി. ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.
വിഷന്‍ ഡോക്യുമെന്റ് (എന്ന് പേരിട്ടിരിയ്ക്കുന്ന പ്രകടന പ്രത്രിക പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ തലസ്ഥാനമായ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ഗാമിയും ലിംഗായത്ത് നേതാവുമായ ബിഎസ് യെദ്യൂരപ്പ തുടങ്ങി ഒട്ടേറെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പ്രകടനപത്രിക പുറത്തിറക്കിയത്. ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് കര്‍ണാടകത്തിനായുള്ള പ്രത്യേക പ്രകടനപത്രിക തയ്യാറാക്കിയതെന്ന് ചടങ്ങില്‍ ജെപി നദ്ദ പറഞ്ഞു.
കര്‍ണ്ണാടകയുടെ പ്രകടനപത്രിക ഒരു എസി മുറിയിലിരുന്ന് തയ്യാറാക്കിയതല്ല, മറിച്ച് കൃത്യമായ വിശകലനമാണ് നടത്തിയത്. സംസ്ഥാനത്തിന്റെ എല്ലാ കോണുകളും സന്ദര്‍ശിച്ച നമ്മുടെ പ്രവര്‍ത്തകര്‍ വളരെയധികം അധ്വാനവും സ്ഥിരോത്സാഹവും പ്രകടന പത്രിക തയ്യാറാക്കാന്‍ നടത്തിയിട്ടുണ്ട്, ജെപി നദ്ദ പറഞ്ഞു. പാര്‍ട്ടിയുടെ ദക്ഷിണേന്ത്യയുടെ കവാടമായി കാണുന്ന കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപി വര്‍ഗീയ കാര്‍ഡിറക്കി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് പ്രകടന പത്രിക വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വര്‍ഷം തോറും മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. ഗണേശ ചതുര്‍ത്ഥി, ഉഗാദി, ദീപാവലി ആഘോഷ വേളകളിലാണ് ഇത് ലഭിക്കുക. ഈ ആനുകൂല്യം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആണ് ലഭിക്കുക. കൂടാതെ, സംസ്ഥനത്തെ എല്ലാ വാര്‍ഡുകളിലും അടല്‍ ആഹാര്‍ കേന്ദ്രം സ്ഥാപിക്കുമെന്നും എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ദിവസവും അര ലിറ്റര്‍ നന്ദിനി പാലും പ്രതിമാസ റേഷന്‍ കിറ്റിലൂടെ 5 കിലോ ശ്രീ അന്ന - സിരി ധന്യയും നല്‍കുന്ന 'പോഷണ' പദ്ധതി ആരംഭിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് 10 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.