ന്യൂദല്‍ഹി- പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ കേരള യാത്രക്ക് നിശ്ചയിച്ച തുകയില്‍ മാറ്റം വരുത്താനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ വേണമെന്ന കര്‍ണാടക പോലീസിന്റെ ആവശ്യത്തിനെതിരെ മഅ്ദനി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കര്‍ണാടക സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാനാകില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഉള്ള സംഘം കേരളം സന്ദര്‍ശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയതെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇരുപത് പോലീസുകാര്‍ അകമ്പടിയായി മഅ്ദനിക്കൊപ്പം പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവരുടെ ചെലവിനായി 20.23 ലക്ഷം രൂപയാണ് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്. ഇത് വെട്ടി കുറയ്ക്കണമെന്നായിരുന്നു മഅദനിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കരുതെന്ന് കര്‍ണാടക ഭീകര വിരുദ്ധ സെല്ലിന്റെ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സുമീത് എ.ആര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)