കോയമ്പത്തൂര്‍- കോടതി വരാന്തയില്‍ വച്ച് ലോറി ഡ്രൈവറായ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. മലയാളിയും രാമനാഥപുരം കാവേരി നഗര്‍ സ്വദേശിയുമായ കവിത എന്ന മുപ്പത്താറുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് നാല്‍പ്പത്തിരണ്ടുകാരനായ ശിവകുമാര്‍ പോലീസ് കസ്റ്റഡിയിലാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് കോയമ്പത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം. കവിതയും ശിവകുമാറും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചതാണ്. തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ എത്തിയത്. അടുത്തിടെ ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് കവിതയെ ശിവകുമാര്‍ ആക്രമിച്ചത്.
ആസിഡ് ഒഴിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ശിവകുമാറിനെ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരും അഭിഭാഷകരും ചേര്‍ന്നാണ് പിടികൂടിയത്. കവിതയ്ക്ക് എണ്‍പതുശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.