ഹൂസ്റ്റണ്‍- അമേരിക്കന്‍ എണ്ണക്കപ്പല്‍ ഒമാന്‍ തീരത്ത് ഇറാന് പിടകൂടി. ഇതില്‍ ഒരു മലയാളി ഉള്‍പ്പെടെ 24 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇറാന് നാവിക സേന പിടിച്ചെടുത്ത കപ്പല്‍ തുറമുഖത്തേക്ക് മാറ്റി.
മോചനത്തിനുള്ള നടപടികള്‍ തുടരുകയാണെന്ന് കപ്പലിന്റെ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു. എറണാകുളം സ്വദേശിയായ എഡ്വിന് ആണ് കപ്പലിലുള്ള മലയാളി.
കുവൈത്തില്‍ നിന്ന് ഹൂസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ഇറാന് നാവിക സേന പിടിച്ചെടുത്തത്. മാര്‍ഷല്‍ ദ്വീപുകളുടെ എണ്ണക്കപ്പല്‍ ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന് ബോട്ടുമായി കൂട്ടിയിടിച്ച് നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പിടിച്ചെടുത്തുവെന്നാണ് ഇറാന് സൈന്യം അറിയിച്ചത്. ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ ബോട്ടുമായി കൂട്ടിയിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ വെച്ച് എണ്ണക്കപ്പല്‍ ഇറാന് സൈന്യത്തിന്റെ നാവിക സേന പിടിച്ചെടുത്തതെന്നും ഇറാന്റെ സൈനിക പ്രസ്താവനയില്‍ അറിയിച്ചു.
ബോട്ട് ജീവനക്കാരില്‍ രണ്ടുപേരെ കാണാതായതായും ഇറാന് പറയുന്നു.
ഇറാന് സര്‍ക്കാര്‍ ഉടന്‍ ടാങ്കര്‍ വിട്ടുനല്‍കണമെന്ന് ബഹ്റൈന്‍ ആസ്ഥാനമായുള്ള യു എസ് ഫിഫ്ത്ത് ഫ്ളീറ്റ് അറിയിച്ചു.