നിലമ്പൂര്‍-എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റിദാന്‍ ബാസിലിനെ വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതി മുണ്ടേങ്ങര കാളപ്പാടന്‍ മുഹമ്മദ് ഷാന്‍ കൊലപാതക പദ്ധതി വളരെ നേരത്തെ തയാറാക്കിയിരുന്നതായി പോലീസ്.
ഒരാളെ കൊല്ലാന്‍ ഷാന്‍ പദ്ധതിയിടുന്നതായി കൂട്ടുപ്രതികള്‍ക്ക് സൂചന ലഭിച്ചിരുന്നു. തന്റെ ജീവിതം തകര്‍ത്തയാളെ വകവരുത്തുമെന്ന് ഇടയ്ക്കിടെ ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട റിദാന്‍ അപ്പോഴൊക്കെ കൂടെയുണ്ട്. അതിനാല്‍ റിദാനെയാണ് ലക്ഷ്യംവയ്ക്കുന്നതെന്നു സംശയിച്ചതേയില്ലെന്നാണ് കൂട്ടുപ്രതികളുടെ മൊഴി.
ഷാനും റിദാനും മമ്പാട്ടെ പ്രവാസി വ്യവസായിയുടെ ബിസിനസ് നോക്കി നടത്തിയിരുന്നു. വ്യവസായിയുടെ സഹായത്തോടെ ഷാന്‍ മുണ്ടേങ്ങരയില്‍ 5000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വീട് നിര്‍മാണം തുടങ്ങി. ജയില്‍ ശിക്ഷയെത്തുടര്‍ന്ന് സൗദിയില്‍ നിന്നു പുറത്താക്കപ്പെട്ട ഷാനെ തിരികെകൊണ്ടുപോകാന്‍ വ്യവസായി രേഖകള്‍ ശരിയാക്കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെ ഷാനെ ജോലിയില്‍ നിന്നു പുറത്താക്കി. അതോടെ വീട് നിര്‍മാണം മുടങ്ങി. പിന്നില്‍ പ്രവര്‍ത്തിച്ചതു റിദാനാണെന്നു സംശയം ഷാന് ബലപ്പെട്ടു. തുടര്‍ന്നു നിരാശനായി ലഹരി മരുന്നു ഉപയോഗം തുടങ്ങിയെന്നു വീട്ടുകാര്‍ പോലീസിനു മൊഴി നല്‍കിയിട്ടുമുണ്ട്. അതേസമയം കേസില്‍ സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ഇടപാട് പോലീസ് സംശയിക്കുന്നുണ്ട്. വ്യക്തത വരുത്താന്‍ ജയിലിലുള്ള മുഖ്യപ്രതിയുടെ സഹോദരന്‍ നിസാമിനെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടും. അതേ സമയം പ്രതി ഉപേക്ഷിച്ച ഫോണ്‍ കണ്ടെത്താനായി എടവണ്ണ ചാലിയാര്‍ പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വെടിവയ്ക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ ഒരു ലക്ഷം രൂപയ്ക്ക് യുപിയില്‍ നിന്ന് വാങ്ങിയതാണെന്നു മുഖ്യപ്രതി മുഹമ്മദ് ഷാന്‍ മൊഴി നല്‍കിയിരുന്നു. പിസ്റ്റള്‍ വാങ്ങാന്‍ കൂടെ പോയ കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി ബൈത്തുള്‍ അജ്‌ന ഹൗസില്‍ അഫ്‌നാസ് (29), സഹായം ചെയ്ത എടവണ്ണ മുണ്ടേങ്ങര മഞ്ഞളാംപറമ്പന്‍ റഹ്മാന്‍ ഇബ്‌നു ഹൗഫ് ( റൗഫ് - 29 ), തിരുവാലി പുളിയക്കോടന്‍ അനസ് ( 31) എന്നിവരെയും കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)