കോഴിക്കോട്-മലയാള സിനിമ മാമുക്കോയക്ക് അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വാദത്തില്‍ പ്രതികരണവുമായി അദ്ദേഹത്തിന്റെ മകന്‍ നിസാര്‍. മാമുക്കോയയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഏതാനും സിനിമാപ്രവര്‍ത്തകര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിനെതിരെ സംവിധായകന്‍ വി എം വിനു പരസ്യമായി രംഗത്ത് വരികയും സിനിമാപ്രവര്‍ത്തകരെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.
എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു എന്നും താന്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കുമെന്നും വി എം വിനു പറഞ്ഞു. എന്നാല്‍, മാമുക്കോയയുടെ സംസ്‌കാര ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കാതിരുന്നതില്‍ പരാതിയില്ലെന്നാണ് മകന്‍ നിസാര്‍ പറഞ്ഞത്. ഒന്നിനും പരാതി പറയുന്ന ആളായിരുന്നില്ല തന്റെ പിതാവ്. പലര്‍ക്കും പല തിരക്കുകളും ഉണ്ടാവും അത് മാറ്റിവച്ച് ആര്‍ക്കും വരാന്‍ കഴിയില്ല. തന്റെ പിതാവിന്റെ മരണത്തില്‍ ഉണ്ടായ വിവാദം ഇതോടെ അവസാനിക്കണം. പിതാവിന് വേണ്ടി ഇനി പ്രാര്‍ത്ഥനകള്‍ മാത്രം മതിയെന്നും നിസാര്‍ കൂട്ടിച്ചേര്‍ത്തു.ബുധനാഴ്ച ഉച്ചയ്ക്ക് 1.05ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിനുണ്ടായ രക്തസ്രാവത്തെയും തുടര്‍ന്നാണ് മരണം. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു ഖബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍ നടന്നത്. ഒമ്പത് മണിവരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടായിരുന്നു.