ന്യൂദല്‍ഹി-യുപി മുന്‍ എംപിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ വിശദ സത്യവാങ്മൂലം നല്‍കാന്‍ യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. വികാസ് ദുബൈ ഏറ്റുമുട്ടല്‍ കൊലപാതകത്തിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. അതീഖ് അഹമ്മദിനെ ആശുപത്രിയില്‍ കൊണ്ടുവരുന്നകാര്യം പ്രതികള്‍ എങ്ങനെ അറിഞ്ഞെന്ന് കോടതി ചോദിച്ചു. ആംബുലന്‍സില്‍ കൊണ്ടു പോകാതെ പരിശോധനയ്ക്ക് നടത്തി കൊണ്ടുപോയതെന്തെന്നും കോടതി ആരാഞ്ഞു.
യുപി മുന്‍ എംപിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദിന് ഒമ്പത് തവണ വെടിയേറ്റിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സഹോദരന്‍ അഷ്റഫ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെടുത്തത്. കേസ് അന്വേഷണത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചു. ഒരു വെടിയുണ്ട ആതിഖ് അഹമ്മദിന്റെ തലയില്‍ നിന്നും എട്ട് വെടിയുണ്ടകള്‍ നെഞ്ചിലും ശരീരത്തിന്റെ പുറകില്‍ നിന്നുമായി കണ്ടെടുത്തെന്നാണ് വിവരം. അഷ്റഫ് അഹമ്മദിന് അഞ്ച് തവണയാണ് വെടിയേറ്റത്. അഞ്ച് പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും നേരെ ആക്രമണം നടത്തിയ മൂന്ന് പ്രതികളെയും ഏപ്രില്‍ 29 വരെ പ്രയാഗ്രാജ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.