സിഡ്‌നി- ഉയര്‍ന്ന വൈദഗ്ധ്യമുള്ള കൂടുതല്‍ വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് വേഗത്തില്‍ എത്തിക്കുന്നതിനായി ഓസ്‌ട്രേലിയ ഇമിഗ്രേഷന്‍ സംവിധാനം പരിഷ്‌കരിക്കുന്നു. സ്ഥിരതാമസത്തിനുള്ള അനുമതിയും ഉദാരമാക്കുന്നുണ്ട്.
വിദഗ്ധ കുടിയേറ്റക്കാരെ തിരഞ്ഞെടുക്കാന്‍ ഉപയോഗിക്കുന്ന നിലവിലെ സംവിധാനമായ പോയിന്റ് ടെസ്റ്റ് പരിഷ്‌കരിക്കുമെന്ന് ഫെഡറല്‍ ലേബര്‍ ഗവണ്‍മെന്റ് അറിയിച്ചു.
നിലവിലെ മൈഗ്രേഷന്‍ സമ്പ്രദായം തകര്‍ന്നിരിക്കുന്നുവെന്നും ഇത് ബിസിനസുകളെ പരാജയപ്പെടുത്തുകയാണെന്നും ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ പറഞ്ഞു. ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്കുള്ള വിസാ നടപടിക്രമങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ആക്കുമെന്നും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടിരുന്ന താല്‍ക്കാലിക വിസക്കാര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ അപേക്ഷിക്കാനാകുമെന്ന് ഒ നീല്‍ പറഞ്ഞു. സ്ഥിരം കുടിയേറ്റക്കാരുടെ എണ്ണം 35,000 ല്‍നിന്ന് 195,000 ആയി കഴിഞ്ഞ സെപ്റ്റംബറില്‍ ഉയര്‍ത്തിയിരുന്നു. ജീവനക്കാരുടെ ക്ഷാമം ബിസിനസുകളെ ബാധിക്കുന്ന പശ്ചാത്തലത്തില്‍ വിസ പ്രോസസ്സിംഗ് വേഗത്തിലാക്കാന്‍ കൂടുതല്‍ സ്റ്റാഫും ഫണ്ടും വാഗ്ദാനം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
താല്‍ക്കാലിക വിദഗ്ധ തൊഴിലാളികളുടെ വേതന പരിധി ജൂലൈ ഒന്നുമുതല്‍ 53,900 ഓസ്‌ട്രേലിയന്‍ ഡോളറില്‍ നിന്ന് 70,000 ഡോളറായി ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
2013 മുതല്‍ അതേ നിലവാരത്തില്‍ തുടരുന്ന വേതനമാണ് 53,900 ഓസ്‌ട്രേലിയന്‍ ഡോളര്‍. ഓസ്‌ട്രേലിയയിലെ സ്ഥിരം ജോലിക്കാരില്‍ 90 ശതമാനത്തിനും നിലവിലെ പരിധിയേക്കാള്‍ കൂടുതല്‍ വേതനം ലഭിക്കുന്നുവെന്നും ഇത് കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുന്നവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)