Sorry, you need to enable JavaScript to visit this website.

ബോളിവുഡ് നടി ഷാര്‍ജയില്‍ ജയില്‍ മോചിതയായി, സന്തോഷക്കണ്ണീരുമായി വീഡിയോ

മുംബൈ- മയക്കുമരുന്ന് കേസില്‍ കുടുങ്ങിയ ബോളിവുഡ് നടി ക്രിസന്‍ പെരേര ഷാര്‍ജയില്‍ ജയില്‍ മോചിതയായി. ജയിലില്‍നിന്ന് പുറത്തിറങ്ങിയ 27 കാരി ക്രിസനുമായി വീഡിയോ കോളില്‍ സന്തോഷം പങ്കിടുന്ന അമ്മയുടെ ദൃശ്യം ക്രിസന്റെ സഹോദരന്‍ കെവിന്‍ പെരേര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
ക്രിസനെ വെറുതവിട്ടുവെന്നും അടുത്ത 48 മണിക്കൂറിനകം നാട്ടിലെത്തുമെന്നുമാണ് കെവിന്‍ സമൂഹ മാധ്യമങ്ങളില്‍ അറിയിച്ചിരിക്കുന്നത്. അമ്മയും മറ്റു കുടുംബാംഗങ്ങളും വീഡിയോ കോളില്‍ സംസാരിക്കുമ്പോള്‍ നടിക്കും കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. നടി ഉടന്‍ തന്നെ നാട്ടില്‍ തിരിച്ചെത്തുമെന്ന് മുംബൈ ജോയിന്റ് കമ്മീഷണര്‍ ലക്ഷ്മി ഗൗതം പറഞ്ഞു. ഏപ്രില്‍ ഒന്നിനാണ് നടി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ പിടിയിലായത്. നടിയുടെ കൈയിലുണ്ടായിരുന്ന ട്രോഫിക്കുള്ളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതിനെ തുടര്‍ന്നാണ് ജയിലിലായത്.
ഒരു നായയുടെ പ്രശ്‌നത്തില്‍ മുംബൈയിലെ ഒരു ബേക്കറി ഉടമ നടിയെ കുടുക്കിയതാണെന്ന് മുംബൈ ക്രൈം ബ്രാഞ്ച് കണ്ടെത്തിയതാണ് നടിയുടെ മോചനത്തിന് വഴിതെളിച്ചത്. ബേക്കറി ഉടമ ആന്റണി പോളിനേയും ക്രിസന്‍ പെരേരയെ കുടുക്കാന്‍ സഹായിച്ച ബാങ്ക് അസി.മാനേജര്‍ രാജേഷ് ബോഭ്തയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നായയെ ചൊല്ലി ആന്റണിയുടെ സഹോദരിയും നടിയുടെ അമ്മയുമായി തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
മുംബൈയിലെ ബോറിവ്‌ലി, മലാഡ് എന്നീ പ്രദേശങ്ങളില്‍ ആന്റണി പോള്‍ ബേക്കറി നടത്തിയിരുന്നു. ക്രിസിന്റെ അമ്മ പ്രമീള താമസിക്കുന്ന അതേ കെട്ടിടത്തിലാണ് പോളിന്റെ ഒരു സഹോദരിയും താമസിച്ചിരുന്നത്. 2020ല്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആന്റണി പോള്‍ സഹോദരിയെ കാണാനായി അവരുടെ വീട്ടിലെത്തി. ഈ സമയം പ്രമീളയുടെ വളര്‍ത്തുനായ ആന്റണി പോളിന് നേരെ കുരച്ചു ചാടി. സ്വയം രക്ഷയ്‌ക്കെന്നോണം ആന്റണി പോള്‍ കസേരയുടെത്ത് നായയെ അടിക്കാനൊരുങ്ങി. ഇത് കണ്ട പ്രമീള ക്ഷുഭിതയാകുകയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റു ആളുകള്‍ക്ക് മുന്നില്‍വെച്ച് അപമാനിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് ക്രിസന്‍ പെരേരയെ ഷാര്‍ജയില്‍ ജയിലിലാക്കിയതിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
അന്താരാഷ്ട്ര വെബ് സീരീസിനുവേണ്ടിയുള്ള ഓഡിഷനായി ക്രിസനെ യുഎഇയിലേക്ക് അയയ്ക്കാന്‍ പോള്‍ തന്റെ കൂട്ടാളി രാജേഷിനൊപ്പം പദ്ധതിയിട്ടു. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മറ്റൊരാള്‍ക്ക് കൈമാറാനാണെന്ന് പറഞ്ഞ് ഒരു ട്രോഫി നല്‍കിയത്.
സഡക് 2, ബട്‌ല ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ്  ക്രിസന്‍ പെരേര. ക്രിസന്‍ പെരേരയുടെ കുടുംബം കള്ള കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച് മുംബൈ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ നടിയുടെ അമ്മ പ്രമീള പെരേരയോട് പ്രതികാരം ചെയ്യുന്നതിനായി ആന്റണി പോള്‍ നടത്തിയ ഗൂഢ പദ്ധതിയാണ് ക്രിസന്‍ പെരേരയെ കുടുക്കിയതിന് പിന്നിലെന്ന് കണ്ടെത്തി.

 

 

Latest News