അരക്കിണര്‍, കോഴിക്കോട്- കോഴിക്കോട്ടെ പഴയ കാല പത്രപ്രവര്‍ത്തകരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു നഗരത്തിനടുത്ത ബേപ്പൂര്‍. ചാനലുകള്‍ സജീവമല്ലാത്ത അക്കാലത്ത് ബേപ്പൂര്‍ റൂട്ടിലെ രണ്ട് പ്രധാന വാര്‍ത്താ ഉറവിടങ്ങളായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വീടും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവിയുടെ വസതിയും. 90കളില്‍ സദാ പ്രമുഖര്‍ സന്ദര്‍ശനത്തിനെത്തുന്ന പോയന്റുകളായതിനാല്‍ ഒരു കണ്ണ് അങ്ങോട്ട് വേണമായിരുന്നു എപ്പോഴും. വഴിയില്‍ സിനിമയില്‍ ചിരി സാന്നിധ്യമായ മാമുക്കോയയുടെ താമസ സ്ഥലവും.
മാമുക്കോയക്ക് വൈക്കം മുഹമ്മദ് ബഷീറുമായി അദ്ദേഹത്തിന് നല്ല അടുപ്പമായിരുന്നു. 1994ലായിരുന്നു മാമുക്കോയ തന്റെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ബഷീറിന്റെ വീടിനടുത്താണ് ഈ വീട്. അന്ന് വൈക്കം മുഹമ്മദ് ബഷീര്‍ അടക്കം അഞ്ച് പേരെ മാത്രമായിരുന്നു മാമുക്കോയ 'വീട്ടില്‍ കൂടലിന്' ക്ഷണിച്ചത്. ആ അഞ്ച് പേര്‍ ആരൊക്കെയായിരുന്നെന്നും ചടങ്ങ് നടക്കാതെ പോയതിനെക്കുറിച്ചും മുന്‍പ് ഒരു അഭിമുഖത്തില്‍ മാമുക്കോയ വെളിപ്പെടുത്തിയിരുന്നു.'വൈക്കം മുഹമ്മദ് ബഷീര്‍ ഇവിടെയടുത്താണ്. നാലഞ്ച് പേരെ 'വീട്ടില്‍ കൂടലിന്' ക്ഷണിക്കണമെന്ന് എല്ലാവരും പറഞ്ഞു. അഞ്ച് പേരെ ക്ഷണിച്ചു. അഞ്ച് പേരുടെ സാന്നിദ്ധ്യത്തില്‍ ഞാനും കുടുംബവും വീട്ടിലേക്ക് കയറുക. ഇ. മൊയ്തു മൗലവി, ഗുരു നിത്യചൈതന്യയതി, ബഷീര്‍, സുകുമാര്‍ അഴിക്കോട്, ഇ എം എസും--ഇവരായിരുന്നു അഞ്ച് പേര്‍. എല്ലാവരെയും കണ്ട് ക്ഷണിച്ചു. ഓഗസ്റ്റ് പതിനഞ്ചിനാണ് 'കൂടാന്‍' നിശ്ചയിച്ചത്. ജൂലൈ അഞ്ചിന് ബഷീര്‍ മരിച്ചു. ഒന്നും നടത്തണ്ട, നീയും കുട്ടികളും കയറിക്കോ ആരും വേണ്ടെന്ന് മൊയ്തു മൗലവി പറഞ്ഞുവെന്നാണ് മാമുക്കോയ ഓര്‍ത്തെടുത്തത്.