കോഴിക്കോട്- ഏതു വിഷയത്തിലും കൃത്യമായ നിലപാടും അഭിപ്രായവുമുള്ള വ്യക്തിയായിരുന്നു മാമുക്കോയ. ആ നിലപാടിന്റെ മൂര്‍ച്ഛ എത്രത്തോളമുണ്ടെന്നത് വ്യക്തമാക്കുന്ന രണ്ട് സംഭവങ്ങളെ കുറിച്ച് ഒരിക്കല്‍ മാമുക്കോയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കലും , മനുഷ്യന്‍ നാടകത്തെയും സംബന്ധിച്ചതായിരുന്നു അവ.
ബാബറി മസ്ജിദിന്റെ തകര്‍ച്ച എന്നുപറഞ്ഞാല്‍ പ്രചരണം കൊണ്ട് അതിന്റെ വികാരം കയറ്റി വിട്ടതാണ് എന്ന് മാമുക്കോയ അഭിപ്രായപ്പെട്ടിട്ടുണ്ട്. ''ബാബറി മസ്ജിദ് എത്രയോ വര്‍ഷമായിട്ട് പ്രാര്‍ത്ഥനയും നിസ്‌കാരവുമില്ലാതെ അടിച്ചിട്ടിരുന്നതാണ്. ഞാന്‍ അവിടെ പോയി കണ്ടയാളാണ്. പള്ളി പോയതല്ല നമ്മള്‍ കാണേണ്ടത്. അവിടത്തെ ജനങ്ങള്‍ ഇന്നുവരെ 100 രൂപയുടെ നോട്ട് കണ്ടിട്ടില്ല. അന്‍പതും അറുപതും രൂപയ്ക്ക് കൂലിപ്പണി ചെയ്യുന്നവരാണ് അവരിലധികവും. ഒരു രാഷ്ട്രീയക്കാരും നേതാക്കളും ഇതു പറഞ്ഞിട്ടില്ലല്ലോ?''- മാമുക്കോയയുടെ വാക്കുകള്‍.
മനുഷ്യന്‍ എന്ന നാടകം ചെയ്യുന്ന സമയത്ത് ശരീഅത്ത് നിയമത്തിന് എതിരാണെന്ന് വിവാദമുയര്‍ന്നിരുന്നു. മാമുക്കോയ ആയിരുന്നു നാടകത്തിലെ പ്രധാന വേഷം അവതരിപ്പിച്ചത്. വിവാദങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. മനുഷ്യന്‍ എന്ന നാടകം ശരീഅത്തിന് എതിരല്ലായിരുന്നു. ശരീഅത്ത് എന്താണെന്ന് വ്യക്തമായിട്ട് പഠിക്കാത്തവരാണ് അത് പറഞ്ഞത്. ബാപ്പ ജീവിച്ചിരിക്കെ മകന്‍ മരിച്ചുപോയാല്‍ ആ മകന്റെ മക്കള്‍ക്ക് സ്വത്തിന് അവകാശമില്ല. ഇതായിരുന്നു നാടകത്തിന്റെ തീം. ഞാന്‍ അത് ഒരിക്കലും അംഗീകരിക്കില്ല. ഞാന്‍ മരിക്കുന്നതിന് മുമ്പ് എന്റെ മകന്റെ മക്കള്‍ക്ക് സ്വത്തിന് അവകാശമില്ലെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. ബന്ധവും മനുഷ്യത്ത്വവും നോക്കാതെ എന്ത് നിയമമാണുള്ളത്. അത് അംഗീകരിക്കില്ല എന്നാണ് നാടകത്തിലൂടെ പറഞ്ഞത്. ബുധനാഴ്ച അന്തരിച്ച മലയാളത്തിന്റെ പ്രിയ ഹാസ്യതാരത്തിന്റെ കബറടക്കം അല്‍പ സമയത്തിനകം കണ്ണംപറമ്പില്‍ നടക്കും.