റായ്ഗഡ്- കറുത്ത നിറമായതിന്റെ പേരിൽ നിരന്തരം അവഹേളനം നേരിട്ട യുവതി ഒടുവിൽ ഭക്ഷണത്തിൽ വിഷം കലർത്തി വീട്ടുകാർക്ക് നൽകിയതിനെ തുടർന്ന് നാലു കുട്ടികളടക്കം അഞ്ചു പേർ മരിച്ചു. 120 പേർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലുമായി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. കറുത്ത നിറമായതിന്റെ പേരിൽ അപമാനം നേരിട്ട പ്രഗ്യാ സർവാസെ എന്ന 28 കാരിയാണ് കടുംകൈ ചെയ്തത്. ഇവരുടെ ബന്ധുവിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പാകം ചെയ്ത ഭക്ഷണത്തിൽ കീടനാശിനി കലക്കി നൽകുകയായിരുന്നു. ഭക്ഷണം കഴിച്ച ഉടൻ ഓരോരുത്തർക്കായി ഛർദി അനുഭവപ്പെടുകയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മുബൈയിൽനിന്ന് 75 കിലോമീറ്റർ അകലെ മഹദലിാണ് സംഭവം നടന്നത്.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രഗ്യാ സർവാസേ കുറ്റസമ്മതം നടത്തിയത്. സ്ഥിരമായി നേരിട്ട അവഹേളനത്തിനുള്ള പ്രതികാരമായാണ് ഭക്ഷണത്തിൽ വിഷം കലർത്തിയത് എന്നായിരുന്നു ഇവരുടെ പ്രതികരണം. കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി ഇവരെ അറസ്റ്റ് ചെയ്തു. മരിച്ച് ഏഴിനും 13നും ഇടയിൽ പ്രായമുള്ള നാലു കുട്ടികളും 53 കാരനുമാണ്. അഞ്ചു ദിവസം മുമ്പാണ് സംഭവം നടന്നത്. പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.