കോഴിക്കോട്- മലയാള സിനിമയില്‍ എന്നും പ്രേക്ഷകരെ ചിരിപ്പിച്ച് മാത്രം അരങ്ങില്‍ നിറഞ്ഞ നടനാണ് മാമുക്കോയ. ചിരിയുടെ ഉസ്താദ് വിടവാങ്ങുമ്പോള്‍ നികത്താനാകാത്ത നഷ്ടമാണ് മലയാള സിനിമാ മേഖലയ്ക്ക്. കോഴിക്കോടന്‍ ഭാഷയില്‍ ഹാസ്യപ്രധാനമായ റോളുകള്‍ മികച്ച കൈയടക്കത്തോടെ ചെയ്തുവന്ന ഹാസ്യനടന്‍ എന്ന നിലയിലും സ്വഭാവനടന്‍ എന്ന നിലയിലും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറി.സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ ആ വര്‍ഷം ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു.
ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ 5ന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് മാമുക്കോയയുടെ ജനനം. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ നിന്ന് പത്താംക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
പഠനശേഷം കല്ലായി കുണ്ടുങ്ങലില്‍ മരമളക്കുന്ന ജോലിയില്‍ പ്രവേശിച്ചു. നാടകാഭിനയത്തിലും നിറഞ്ഞുനിന്ന മാമുക്കോയനാടകവും ജോലിയും ജീവിതത്തില്‍ ഒരുമിച്ചു കൊണ്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഹിന്ദു സന്യാസിയായി മാമുക്കോയ വേഷമിട്ട സന്ദര്‍ഭങ്ങളെല്ലാം ആസ്വാദകരെ പൊട്ടിച്ചിരിപ്പിച്ചതായിരുന്നു. എജ്ജാതി പീഡിപ്പിക്കല്‍ പോലുള്ള ടിപ്പിക്കല്‍ കോഴിക്കോടന്‍ പ്രയോഗങ്ങള്‍ മറക്കാവതല്ല. മോഹന്‍ലാലിനേയും ശ്രിനിവാസനേയും ദുബായില്‍ അയച്ച് പിടിച്ചു നില്‍ക്കാന്‍ അസ്സലാമു അലൈക്കും പഠിപ്പിച്ചു കൊടുക്കുന്ന നാടോടിക്കാറ്റിലെ വിസ ഏജന്റും അവിസമരണീയ കഥാപാത്രമാണ്.