അഹമ്മദാബാദ് - അപകീര്‍ത്തിക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച ശിക്ഷക്കെതിരെ നല്‍കിയ അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. ശിക്ഷ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇതിനകം തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അത് പരിഗണനക്കെടുക്കാന്‍ കാലതാമസമുണ്ടാകുമെന്നതിലാണ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുന്നത്. കേസില്‍ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ രാഹുലിന്റെ ലോകസഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടു കിട്ടുകയുള്ളൂ. ശിക്ഷ സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ അപരിഹാര്യമായ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നു. മോഡി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിക്ക് കണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാലുള്ള രാഹുലിന്റെ അപ്പീല്‍ നേരത്തേ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.