കൊച്ചി- കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച് ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ അനൗണ്‍സ്‌മെന്റും കൊച്ചിയില്‍ നടന്നു. 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി ആരംഭിച്ചു. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച കോക്കേഴ്‌സ് എന്ന ബാനറും സംഗീത സംവിധായകന്‍ വിദ്യാസഗറും ഒത്തുചേരുന്ന പുതിയ ചിത്രമാണിതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കോക്കേഴ്‌സ് നിര്‍മ്മിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ 'സമ്മര്‍ ഇന്‍ ബത്‌ലഹേ'മിലെ ഏറെ ജനശ്രദ്ധ നേടിയ 'മാരിവില്ലിന്‍ ഗോപുരങ്ങള്‍....' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെ പേരായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ ഗാനത്തിനെതന്നെ പുന:സൃഷ്ടിച്ചുക്കൊണ്ടാണ് പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ എത്തി എന്നതും ഏറെ ശ്രദ്ധേയമാണ്. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്ന പ്രമോദ് മോഹന്‍ തന്നെയാണ് ഈ. ചിത്രത്തിന്റെ കൊ-ഡയറക്ടറും.
ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കൂടാതെ വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവ കവികളില്‍ ശ്രദ്ധേയനായ വിനായക് ശശികുമാറിന്റെതാണ് വരികള്‍. ശ്യാമപ്രകാശ് എം. എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജല്‍ പി. വിയും അരുണ്‍ ബോസും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: കെ. ആര്‍. പ്രവീണ്‍, പ്രൊജക്ട് ഡിസൈനര്‍: നോബിള്‍ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍: ജോബി സോണി തോമസ് ആന്റ് പ്രശാന്ത് പി. മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, കാസ്റ്റിംങ് ഡയറക്ടര്‍: ശരണ്‍ എസ്. എസ്, പി. ആര്‍. ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: സേതു അത്തിപ്പിള്ളില്‍, ഡിസൈന്‍സ്: റിഗെയില്‍ കോണ്‍സപ്റ്റ്‌സ്, പബ്ലിസിറ്റി: ഹൈപ്പ്.