റാഞ്ചി- കോണ്‍ഗ്രസ് നേതാവും ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രിയുമായ ബന്ന ഗുപ്ത സ്ത്രീയുമായി അശ്ലീല ഫോണ്‍ സംഭാഷണം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് മന്ത്രിക്കെതിരെ നിശിത വിമര്‍ശനം. എന്നാല്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോ ആണിതെന്ന് മന്ത്രി അവകാശപ്പെട്ടു.
യുവതിയുമായി മന്ത്രി നടത്തിയ വീഡിയോ ചാറ്റിന്റെ ക്ലിപ്പ് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ക്ലിപ്പ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നുവെന്ന് ആരോപിച്ചാണ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്.
ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരരിച്ചു. വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി കാണാം. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് ഉടന്‍ തന്നെ അന്വേഷിക്കും. എന്നെ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമത്തിന്റെ ഏതറ്റംവരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും വീഡിയോ വ്യാജമാണോ യഥാര്‍ത്ഥമാണോ എന്ന് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രിയെ കാണിക്കുന്ന വീഡിയോ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ക്ലിപ്പിന്റെ സത്യാവസ്ഥ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും, ഇത് യഥാര്‍ത്ഥമാണോ വ്യാജമാണോ എന്നറിയണം. സംസ്ഥാന മന്ത്രിസഭയിലെ അംഗമായതിനാല്‍, ക്ലിപ്പ് യഥാര്‍ത്ഥമാണോ വ്യാജമാണോ എന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്-ബിജെപി നേതാവ് പ്രതുല്‍ ഷാ ദിയോ പറഞ്ഞു.
വീഡിയോ യഥാര്‍ത്ഥമാണെന്ന് തെളിഞ്ഞാല്‍ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജമാണെങ്കില്‍ നടപടിയെടുക്കുകയും മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുകയും വേണം. എന്നാല്‍ ഇക്കാര്യത്തില്‍ അടിയന്തര അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)