ശ്രീനഗർ- കശ്മീരിൽ ഐ.എസ് തലവൻ എന്ന് അവകാശപ്പെടുന്നയാളടക്കം നാലു പേരെ കൊലപ്പെടുത്തിയതായി സുരക്ഷാസൈന്യം അറിയിച്ചു. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് ഇന്ന് രാവിലെ ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിനെ തുടർന്ന് കശ്മീരിൽ ഐസിസ് സാന്നിധ്യമുണ്ടെന്ന് പോലീസ് മേധാവി എസ്.പി വൈഡ് അഭിപ്രായപ്പെട്ടിരുന്നു. ആശങ്കപ്പെടുത്തുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദക്ഷിണ കശ്മീരിൽ ഒരു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇന്ന് കൊല്ലപ്പെട്ടവർ എന്നാണ് പോലീസ് പറയുന്നത്. ക്രോസ് ഫയറിൽ വീടിന്റെ ഉടമസ്ഥനും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഇയാളുടെ ഭാര്യക്ക് വെടിവെപ്പിൽ പരിക്കുമേറ്റു. ശ്രീനഗറിലും അനന്ത്‌നാഗിലും ഇന്റർനെറ്റ് സൗകര്യങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഇവിടേക്ക് എത്തിയത്. തെരച്ചിലിനെത്തിയ സുരക്ഷ സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. റമദാനിൽ പ്രഖ്യാപിച്ച വെടിനിർത്തൽ പിന്നീട് റദ്ദാക്കിയ ശേഷം കനത്ത ഏറ്റുമുട്ടലാണ് കശ്മീരിൽ നടക്കുന്നത്.