ഹൈദരാബാദ്- തെലങ്കാനയിലെ ആംബര്‍പേട്ടില്‍ മൂസി നദിയുടെ തീരത്ത് കണ്ടെയ്‌നര്‍ ട്രക്ക് ക്യാബിന്‍ ഉപയോഗിച്ച് സ്ഥാപിച്ച താല്‍ക്കാലിക പള്ളി അധികൃതര്‍ നീക്കം ചെയ്തു. പള്ളി നിയമവിരുദ്ധമാണെന്നും ബന്ധപ്പെട്ടവരുടെ അനുമതി ഇല്ലായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
പ്രാദേശിക സംഘടനകള്‍ പള്ളിയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ജില്ലാ കലക്ടര്‍ക്കും ജിഎച്ച്എംസിക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രാദേശിക റവന്യൂ അധികാരികളും പോലീസും ഇടപെട്ട് കെട്ടിടം നീക്കം ചെയ്തത്.
സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പേജുകളിലും വെബ്‌സൈറ്റുകളിലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പങ്കുവെച്ചതോടെയാണ് വിവാദമായത്. ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച ക്യാബിനാണ് പള്ളിയാക്കി നമസ്‌കാരം നടത്തിയത്. മൂന്ന് ദിവസത്തിന് ശേഷം ബജ്‌റംഗ് സേന ഇക്കാര്യം മറ്റ് ഹിന്ദു സംഘടനകളെ അറിയിക്കുകയായിരുന്നു. അനധികൃത മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ചേര്‍ന്നാണ് ജില്ലാ കലക്ടര്‍, കോര്‍പ്പറേഷന്‍ കമ്മീഷണര്‍, ഡിവിഷണല്‍ കമ്മീഷണര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയത്. പ്രദേശത്ത് പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)