കോഴിക്കോട്- വ്യാജരേഖ ചമച്ച് കട കൈക്കലാക്കിയെന്ന പരാതിയില്‍ വ്യാപാരി അറസ്റ്റില്‍. കോഴിക്കോട് എസ് എം സ്ട്രീറ്റിലെ വ്യാപാരി കല്ലായി ഫിദ മന്‍സില്‍ ഹൗസില്‍ പി.പി. ഷബീറിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. എസ് എം സ്ട്രീറ്റിലെ സി.ആര്.7 എന്ന ഷോപ്പ് നടത്തിയിരുന്ന ഇയാള്‍ കെട്ടിട ഉടമയുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
വ്യാജ ഒപ്പിട്ട് തയാറാക്കിയ എഗ്രിമെന്റ് ഉപയോഗിച്ച് 50 ലക്ഷത്തോളം രൂപ അന്യായമായി ലാഭമുണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു. എഗ്രിമെന്റ് ഒറിജനലാണെന്ന് കാണിച്ചാണ് ഇയാള്‍ കട കൈവശം വച്ചത്. ബില്‍ഡിംഗ് ഉടമ നല്കിയ പരാതിയില്‍ ടൗണ്‍ പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ. ബൈജു. കെ. ജോസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പക്ടര്‍ ജിബിന്‍. ജെ. ഫ്രഡി, എസ്.സി.പി.ഒ. രാജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ ഷബീറിനെ റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് ടൗണ്‍ പോലീസ് സ്റ്റേഷനിലും കസബ പോലീസ് സ്റ്റേഷനിലും വേറെയും കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)