ബെംഗളൂരു- കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗവും ഗോസംരക്ഷണവും വര്‍ഗീയ കലാപങ്ങളും ഉള്‍പ്പെടെ 385 ക്രിമനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിട്ടു. 2019 ജൂലൈ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ പിന്‍വലിക്കാന്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയ കേസുകളില്‍ 182 എണ്ണം വിദ്വേഷ പ്രസംഗവും വര്‍ഗീയ കലാപങ്ങളും ഗോ സംരക്ഷണവും സംബന്ധിച്ചുള്ളതാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനു ലഭിച്ച വിവരാവകാശ മറുപടിയില്‍ പറയുന്നു.
കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ഏഴ് പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിച്ചാണ് ഇത്രയും ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ചതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയില്‍ പറയുന്നു.
വര്‍ഗീയ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കിയതിലൂടെ ബിജെപി എംപിയും എംഎല്‍എയും ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. മൊത്തം 385 കേസുള്‍ പിന്‍വലിച്ചപ്പോള്‍ നേട്ടം 2000 പ്രതികള്‍ക്കായി.
സാമുദായിക ബന്ധമുള്ള 182 കേസുകളില്‍ ഭൂരിഭാഗവും 2013 നും 2018 നും ഇടയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഫയല്‍ ചെയത്താണ്. 2013 നും 2018 നും ഇടയില്‍ അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 1,600 ഓളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടെ 176 കേസുകള്‍ റദ്ദാക്കിയിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിന് ഫയല്‍ ചെയ്ത കേസുകളാണ് ഒഴിവാക്കിയിരുന്നത്. എസ്.ഡി.പി.ഐക്കാര്‍ക്കു പുറമെ, ഇപ്പോള്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രതികളായിരുന്നു.
ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയ 182 കുറ്റകൃത്യങ്ങളില്‍ 45 എണ്ണവും 2017 ഡിസംബറില്‍ ഉത്തര കന്നഡ പ്രദേശത്ത് ഹിന്ദു യുവാവായ പരേഷ് മേസ്തയുടെ മരണത്തെ തുടര്‍ന്ന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്.
ഇതൊരു അപകട മരണമാണെന്ന് സിബിഐ ഒടുവില്‍ കണ്ടെത്തിയിരുന്നു. കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം കോടതികള്‍ ഏറെക്കുറെ അംഗീകരിക്കുകയും ചെയ്തു.
മേസ്തയുടെ മരണത്തിനു ശേഷമുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് 66 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാനുള്ള പ്രോസിക്യൂഷന്‍ നിര്‍ദേശം ഉത്തര കന്നഡയിലെ സിര്‍സിയിലുള്ള സിവില്‍ ജഡ്ജിയും മജിസ്‌ട്രേറ്റും തള്ളിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണി ഈ കേസുകള്‍ റദ്ദാക്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)