ന്യൂദല്‍ഹി- മുഹബ്ബത്തിന്റെ സര്‍ബത്ത് കുടിച്ചും അതിനായി ആഹ്വാനം ചെയ്തും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തികച്ചും സാധാരണക്കാരില്‍ ഒരാളായി മാറിയാണ് കുനാല്‍ വിജയകറിനൊപ്പം ദല്‍ഹിയില്‍ വിവിധ ഭക്ഷണങ്ങള്‍ കഴിച്ചും സംസാരിച്ചും തന്റെ രുചിയും രാഷ്ട്രീയവും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.
ഓള്‍ഡ് ദല്‍ഹിയില്‍ ചിക്കന്‍ ടിക്ക കഴിച്ച ശേഷം മുഹബ്ബത്ത്ക സര്‍ബത്ത് കുടിക്കാനെത്തിയപ്പോള്‍ രാഹുലിനോടുള്ള മുഹബ്ബത്തുമായി നൂറുകണക്കിനാളുകളാണ് റോഡില്‍ തടിച്ചുകൂടിയത്. വിദ്വേഷ ചന്തയില്‍ മുഹബ്ബത്തിന്റെ കട തുറക്കാനാണ് രാഹുലിന്റെ ആഹ്വാനം.തെന്നിന്ത്യന്‍ വിഭവങ്ങളും തനിക്ക് ഏറെ ഇഷ്ടമാണെന്ന് പറയുന്ന രാഹുല്‍ അമ്മയുടെ പാചക കൈപുണ്യവും എടുത്തു പറയുന്നു.
1948 ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ഉദ്ഘാടനം ചെയ്ത ജവാഹര്‍ റെസ്റ്റോറന്റിലെത്തിയാണ് രാഹുല്‍ തന്തൂരി ചിക്കണ്‍ കഴിക്കുന്നത്. ഇന്ത്യാ ചരിത്രത്തില്‍നിന്ന് പണ്ഡിറ്റ് നെഹ്‌റുവിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ രാഹുല്‍ ഈ റസ്‌റ്റോറന്റില്‍ എത്തിയതിനും രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.
രാഹുലിന്റെ തമാശ കലര്‍ന്ന മറുപടികളും ഫിറ്റ്‌നസിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സ്‌നേഹം പ്രചരിപ്പിക്കാനുള്ള ആഹ്വാനവും അറിയാന്‍ ഈ വീഡിയോ കാണാം. പതിനായിരങ്ങളാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ഈ വീഡിയോ കണ്ടത്.