മുംബൈ- കേരളത്തിൽ പ്രശസ്തമായ ബ്രാഹ്മിൺ ബ്രാന്റ് ശതകോടീശ്വരനായ അസിം പ്രേംജിയുടെ വിപ്രോ ഗ്രൂപ്പിന്റെ ഭാഗമായ വിപ്രോ കൺസ്യൂമർ കെയർ ആന്റെ ലൈറ്റിംഗ് ഏറ്റെടുത്തു. ഗ്രൂപ്പിന്റെ പതിനാലാമത് ഏറ്റെടുക്കലാണിത്. കേരളത്തിൽ രണ്ടാമത്തേതും. നേരത്തെ നിറപറ ബ്രാന്റും വിപ്രോ ഏറ്റെടുത്തിരുന്നു. 2022 ഡിസംബറിലാണ് നിറപറ ഏറ്റെടുത്തത്. ബ്രാഹ്മിൺസിന്റെ ഏറ്റെടുക്കലിലെ സാമ്പത്തിക ഇടപാട് വ്യക്തമാക്കിയിട്ടില്ല. സോപ്പ് ബ്രാൻഡായ സന്തൂർ, യാർഡ്‌ലി ടാൽക്കം പൗഡർ, സുഗന്ധവ്യഞ്ജനങ്ങൾ, പ്രഭാതഭക്ഷണം, റെഡിടുകുക്ക് വിഭാഗങ്ങളിൽ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനും ഏകീകരിക്കാനുമാണ് വിപ്രോ ലക്ഷ്യമിടുന്നത്.
1987ൽ ആരംഭിച്ച ബ്രാഹ്മിൻസ്, പ്രാഥമികമായി എത്‌നിക് ബ്രേക്ക്ഫാസ്റ്റ് പ്രീമിക്‌സ് പൊടികൾ, മസാല മിശ്രിതങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, അച്ചാറുകൾ, ഡെസേർട്ട് മിക്‌സുകൾ എന്നിവയുമാണ് ഉൽപാദിപ്പിക്കുന്നത്. സാമ്പാർ പൊടിയും പുട്ടുപൊടിയുമാണ് ബ്രാഹ്മിൺസിന്റെ പ്രീമിയം ഉൽപ്പന്നങ്ങൾ.
'വിപ്രോയുടെ വിതരണ ശക്തിയും ശൃംഖലയും വിപണന വൈദഗ്ധ്യവും ഉപയോഗിച്ച് ഞങ്ങളുടെ ഭൂമിശാസ്ത്രപരമായ സാന്നിധ്യവും ഉപയോഗിച്ച് ബ്രാഹ്മിൺസിനെ പുതിയ ഉയരങ്ങളിലേക്ക് വിപ്രോ നയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് ബ്രാഹ്മിൻസ് എം.ഡി ശ്രീനാഥ് വിഷ്ണു പറഞ്ഞു. കേരളത്തിന് പുറമെ, ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങൾ, യു.കെ, യു.എസ്, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ ബ്രാഹ്മിൺസിന് വിപണിയുണ്ട്.