കൊല്‍ക്കത്ത- വിദ്വേഷ രാഷ്ട്രീയത്തിലൂടെ രാജ്യത്തെ വിഭജിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ജീവന്‍ നല്‍കിയും അതിനെ ചെറുക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നഗരത്തിലെ റെഡ് റോഡില്‍ ഈദ് നമസ്‌കാരത്തിനായി ഒത്തുചേര്‍ന്നവരെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. രാജ്യത്തെ വഭാഗീയത തടയാന്‍ ജീവന്‍ നല്‍കാനും തയാറാണെന്ന് അവര്‍ പറഞ്ഞു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്താന്‍ ജനങ്ങള്‍ ഒന്നിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടന മാറ്റാനാണ് കാവി പാര്‍ട്ടി ശ്രമിക്കുന്നത്. പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പിലാക്കാന്‍ അനുവദിക്കില്ല. എന്‍.ആര്‍.സിയും സി.എ.എയും ആവശ്യമില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട്. നിലവിലുള്ള പൗരത്വ രേഖകള്‍ തന്നെ ധാരാളം മതിയെന്ന് അവര്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ക്ക് മുമ്പില്‍ തല കുനിക്കുന്ന പ്രശ്‌നമില്ലെന്നും രാഷ്ട്രീയ എതിരാളികളുടെ കുതന്ത്രങ്ങള്‍ക്കെതിരെ പൊരുതുമെന്നും മമത പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)