ശ്രീനഗര്‍- ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയ വീഴ്ച ജമ്മു കശ്മീരിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള.
'ആക്രമണം നടന്ന പ്രദേശം അതിര്‍ത്തിയോട് അടുത്താണ്. സുരക്ഷാ പ്രശ്‌നം അവര്‍ പരിശോധിക്കേണ്ടതുണ്ട്. എവിടെയോ പിഴവ് സംഭവിച്ചിട്ടുണ്ട്, അവര്‍ അത് പരിശോധിക്കണം,' അബ്ദുള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്രീനഗറില്‍നിന്നുള്ള ലോക്‌സഭാംഗം റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാര്‍ഥന നടത്താന്‍ ഹസ്രത്ബാല്‍ പള്ളിയില്‍ എത്തിയതായിരുന്നു.
വ്യാഴാഴ്ച വാഹനത്തിന് തീപ്പിടിച്ചുണ്ടായ ദുരന്തത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുള്ള രാഷ്ട്രീയ റൈഫിള്‍സ് വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.
ഈ റമദാനില്‍ കശ്മീരില്‍ ഏറ്റുമുട്ടലുകളില്ലെന്ന അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 'നിങ്ങള്‍ക്ക് കൂടുതല്‍ ഏറ്റുമുട്ടലുകള്‍ വേണോ?' എന്നായിരുന്നു അബ്ദുള്ളയുടെ മറുപടി. 'ഇന്ത്യ ഗവണ്‍മെന്റ് പറയുന്നത് ഞാന്‍ പറയാം. സ്ഥിതി മെച്ചപ്പെട്ടു. അതിനാല്‍, തിരഞ്ഞെടുപ്പ് നടത്തണം, പക്ഷേ അവര്‍ തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്ന് ദൈവത്തിനറിയാം. സാഹചര്യം സമാധാനപരമാണെങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് തിരഞ്ഞെടുപ്പ് നടത്തിക്കൂടാ? എന്തിന് അവര്‍ കാത്തിരിക്കുന്നു?' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റമദാന്‍ മാസത്തില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകാത്ത കാലഘട്ടമാണെന്ന് അബ്ദുല്ല പറഞ്ഞു. 'ജനങ്ങള്‍ പാപമോചനം തേടിയുള്ള പ്രാര്‍ത്ഥനകളില്‍ തിരക്കിലാണ്- അദ്ദേഹം പറഞ്ഞു.