വാഷിങ്ടണ്‍- മെക്‌സിക്കോ അതിര്‍ത്തി വഴിയ യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാന്‍ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് സ്വീകരിച്ച, കുഞ്ഞുങ്ങളെ സ്വന്തം മാതാപിതാക്കളില്‍ നിന്നും അകറ്റുന്ന സീറോ ടോളറന്‍സ് നയം ശക്തമായ അന്താരാഷ്ട്ര പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി. അനധികൃത കുടിയേറ്റ ശക്തമായി ചെറുക്കുന്ന നിലപാട് സ്വീകരിക്കുന്നതോടൊപ്പം കുടിയേറ്റ കുടുംബങ്ങളെ വേര്‍പ്പിരിക്കാതെ തന്നെ ഒന്നിച്ചു കസ്റ്റഡില്‍ പാര്‍പ്പിക്കാനാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവില്‍ ബുധനാഴ്ച ട്രംപ് ഒപ്പ് വച്ചു. 'യുഎസിന് വളരെ ശക്തമായ അതിര്‍ത്തി ഉണ്ടാകാന്‍ പോകുന്നു. എന്നാല്‍ കുടുംബങ്ങളെ ഒന്നിപ്പിച്ചു തന്നെ നിര്‍ത്തും,' ട്രംപ് പറഞ്ഞു.
മെക്‌സിക്കോ അതിര്‍ത്തി വഴി യുഎസിലെത്തുന്ന വിവിധ രാജ്യക്കാരായ അനധികൃത കുടിയേറ്റക്കാരെ പിടികൂടി അവരുടെ കുഞ്ഞുങ്ങളെ കുടുംബങ്ങളില്‍ നിന്നും വേര്‍പ്പെടുത്തി സംരക്ഷണ കേന്ദ്രങ്ങളിലാക്കുക എന്നതായിരുന്നു വിവാദ യുഎസ് നയം. മാതാപിതാക്കളില്‍ നിന്നും വേര്‍പ്പെടുത്തി പിഞ്ചു കുഞ്ഞുങ്ങളെ ഇരുമ്പു കൂടുകളിലാക്കിയ യുഎസ് ഇമിഗ്രേഷന്‍ അധികൃതരുടെ നടപടിക്കെതിരെ ലോക വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഇരുമ്പു കൂട്ടില്‍ കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രം വലിയ പ്രതിഷേധത്തിനിടയാക്കി. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് വരെ ഈ നയത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് നയത്തില്‍ ഭേദഗതി വരുത്താന്‍ ട്രംപ് ഭരണകൂടം തയാറായത്.