ഇസ്ലാമാബാദ് - ഇന്ത്യയുമായി യുദ്ധ സാധ്യതയുണ്ടെന്നും അതിനാല്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് നീട്ടി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് പാക് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചു. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വര്‍ധിച്ചു വരുന്ന ഭീകരവാദം എന്നിവയും തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യത്തിന് അടിസ്ഥാനമായി പാക് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ മാസം 10 നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് പിന്നീട് അത് മാറ്റി വെയ്ക്കുകയായിരുന്നു. ഈ തീരുമാനം സുപ്രീം കോടതി റദ്ദാക്കുകയും മെയ് 14 ന് തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതിനെതിരെയാണ് ഇന്ത്യയുമായുള്ള യുദ്ധ സാധ്യത അടക്കം ചൂണ്ടിക്കാട്ടി പാക് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാഷ്ട്രീയമായി നിര്‍ണായകമായ പഞ്ചാബ് പ്രവിശ്യയിലെ തെരഞ്ഞെടുപ്പ് രാജ്യത്തെ വംശീയ പ്രശ്നങ്ങള്‍, ജല തര്‍ക്കങ്ങള്‍ തുടങ്ങിയവ മുതലെടുക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.