Sorry, you need to enable JavaScript to visit this website.

ഒരു ട്രെയിന്‍ വന്നു, അത്രതന്നെ; പൂമാല ചാര്‍ത്താനോ ആഘോഷിക്കാനോ വകയില്ല- ഇ.പി.ജയരാന്‍

കണ്ണൂര്‍-കേരളത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിന്‍ ആഘോഷിക്കേണ്ട ഒന്നല്ലെന്നും വിഡ്ഢിത്തമാണെന്ന്  മെട്രോമാന്‍ ഇ.ശ്രീധരന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും മുതിര്‍ന്ന സി.പി.എം  നേതാവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി.ജയരാജന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ജയരാജന്‍ വന്ദേ ഭാരതിനെതിരെ പരിഹാസവും വിമര്‍ശനവുമുയര്‍ത്തിയത്.
പടക്കം പൊട്ടിച്ച് ആഘോഷമാക്കാനോ പൂമാല ചാര്‍ത്താനോ ഉള്ള അത്ര വലിയ സംഭവബഹുലമായ ഒന്നല്ല ഇപ്പോഴത്തെ വന്ദേ ഭാരതെന്നും ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഇ.പി ജയരാജന്റെ കുറിപ്പ്

വന്ദേ ഭാരത് ട്രെയിനിന് യഥാര്‍ത്ഥത്തില്‍ പുതുമയൊന്നുമില്ല. ഇന്ന് കേരളത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ കൂട്ടത്തിലേക്ക് ഒരു ട്രെയിന്‍ എന്ന് മാത്രമേയുള്ളൂ അത്. സാധാരണ കേരളത്തിലേക്ക് പുതുതായി വന്നിരുന്ന എല്ലാ ട്രെയിനുകളും ഓടിത്തഴഞ്ഞ് പഴക്കം ചെയ്ത കമ്പാര്‍ട്ടുമെന്റുകള്‍ ഉള്ളവയായിരുന്നു. എന്നാല്‍ ഇന്ന് അതിന് പകരം പുതിയ കംപാര്‍ട്ടുമെന്റുകളുള്ള ഒരു ട്രെയിന്‍ വന്നിരിക്കുന്നു. ഇപ്പോള്‍ വന്ന
വന്ദേഭാരത് ട്രെയിന്‍ കൊണ്ട് എന്തെങ്കിലും തരത്തില്‍ സമയ ലാഭം ഉണ്ടാക്കാന്‍ കഴിയാം എന്ന് കരുതാന്‍ നിര്‍വാഹമില്ല. നിലവില്‍ കേരളത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുടെ അതേ സമയദൈര്‍ഘ്യത്തില്‍ തന്നെയാണ് വന്ദേഭാരതും ഓടുന്നതെങ്കില്‍ അത് സമയ ലാഭമുണ്ടാക്കുന്ന ഒന്നാകില്ല. മറിച്ച് ഒരു പുതിയ ട്രെയിന്‍ കൂടെ കേരളത്തില്‍ ഓടട്ടെ എന്ന് മാത്രമേയുള്ളു. ഇതിനെ ഇത്ര വലിയ
ആഘോഷമാക്കാനുള്ളതൊന്നുമില്ല. നിലവിലെ കേരളത്തിലെ ട്രാക്കില്‍ ഇതില്‍ കൂടുതല്‍ വേഗതയില്‍ ഓടിച്ചാല്‍ വന്ദേഭാരത് വലിയ അപകടത്തിലേക്ക് പോകും എന്ന് എല്ലാവര്‍ക്കും അറിയാം.
              കെറെയിലിന് ബദലായി സില്‍വര്‍ ലൈന്‍ സംവിധാനത്തിന്റെ ദൗത്യമൊന്നും നിര്‍വഹിക്കാന്‍ വന്ദേഭാരതിന് കഴിയില്ല. ട്രയല്‍ റണ്ണിന്റെ അടിസ്ഥാനത്തിലുള്ള അനുഭവം തന്നെ ആ കാര്യം വ്യക്തമായി കഴിഞ്ഞു. ബി.ജെ.പിയുടെ സഹയാത്രികനായ മെട്രോമാന്‍ എന്ന് അറിയപ്പെടുന്ന ശ്രീധരന്‍ തന്നെ ഇത് വിഡ്ഢിത്തമാണെന്ന് തുറന്ന് പറഞ്ഞു. ട്രയല്‍ റണ്ണിന്റെ ഭാഗമായി മറ്റെല്ലാ ട്രെയിനുകളും ട്രാക്കില്‍ നിന്നും മാറ്റി തടസ്സമില്ലാത്ത ഗതാഗതം ഒരുക്കിയിട്ടും വന്ദേഭാരത്
കണ്ണൂരില്‍ എത്താന്‍ ഏഴേകാല്‍ മണിക്കൂര്‍ എടുത്തു. ഇതെല്ലാം പരിശോധിച്ച് നോക്കുകകയാണെങ്കില്‍ വന്ദേഭാരത് ഒരു വലിയ നഷ്ടക്കച്ചവടമാണ്. എല്ലാ
ട്രെയിനുകളെയും മാറ്റി ട്രാക്ക് ഫ്രീ ആയി കൊടുത്ത് വലിയ സജ്ജീകരണങ്ങള്‍ ഒരുക്കി അതിലൂടെ ഓടുക എന്നാല്‍ സാധാരണ യാത്രക്കാരുടെ ഇപ്പോഴത്തെ യാത്രക്ക് വലിയ തടസ്സമായിത്തീരും.


ഒഡീഷയില്‍ മുസ്ലിംകളെ ഭീതിയിലാക്കിയ സംഘ്പരിവാര്‍ ബന്ദ് പൊതുവെ സമാധാനപരം


ട്രെയിന്‍ അതിവേഗത്തില്‍ ഓടിക്കുന്നതിന് ശരിയായ സാങ്കേതിക സംവിധാനങ്ങളെ കുറിച്ച് വിദഗ്ധ പഠനം നടത്താതെ ഇപ്പോള്‍ കാണിക്കുന്ന പ്രഹസനം ഒരു പ്രചരണ തന്ത്രം മാത്രമാണ്. കേരളത്തിന് ഒരു ട്രെയിന്‍ കൂടെ ഉണ്ടാകുന്നത് നല്ലത് തന്നെയാണ് എന്നാല്‍ അത് കെ റെയിലിന് ബദലാകുമെന്നും സമയലാഭമുണ്ടാക്കുമെന്നും എല്ലാം തന്നെ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. പ്രത്യേക സജ്ജീകരണങ്ങളോടെ ഓടിയ വന്ദേഭാരത് എത്താന്‍ എടുത്ത സമയം കേരളത്തില്‍ ഇന്ന് ഓടുന്ന
ട്രെയിനുകളിലേതിന് അടുത്താണ്. ഈ സജ്ജീകരണങ്ങള്‍ ഇല്ലാതെ വന്ദേഭാരത് ഓടുമ്പോള്‍ ഇന്ന് കേരളത്തില്‍ ഓടുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പോലെയോ, മറ്റു സൂപ്പര്‍ ഫാസ്റ്റുകളെപോലെയോ ഉളള ഒരു സാധാരണ ട്രെയിന്‍ മാത്രമായിരിക്കും. അതുകൊണ്ട് പടക്കം പൊട്ടിച്ച് ആഘോഷമാക്കാനോ പൂമാല ചാര്‍ത്താനോ ഉള്ള അത്ര വലിയ സംഭവബഹുലമായ ഒന്നല്ല ഇപ്പോഴത്തെ വന്ദേ ഭാരത്. പുതിയ ഒരു ട്രെയിന്‍ എന്നതില്‍ സന്തോഷിക്കാം എന്നതിനപ്പുറം മറ്റൊന്നും വന്ദേഭാരതില്‍ നിന്നും ലഭിക്കുമെന്നും കരുതാനാകില്ല.
കൂടാതെ 1500 മുതല്‍ 3000 രൂപവരെ ചാര്‍ജ്ജ് കൊടുത്ത് വന്ദേഭാരതില്‍ മറ്റു ട്രെയിനുകളെ പോലെ പോകുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ ഇന്നത്തേത് പോലെ മറ്റു ട്രെയിനുകളെല്ലാം പിടിച്ചിട്ട് ട്രാക്ക് ക്ലിയര്‍ ചെയ്ത് ഓടിക്കാനാണെങ്കില്‍ സാധാരണ ടിക്കറ്റെടുത്ത് മറ്റു ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരെ അങ്ങിങ്ങായി പിടിച്ചിട്ട് വലിയ കാശ് കൊടുത്ത് പോകുന്നവന് വേഗത്തില്‍ എത്താന്‍ വഴി മാറികൊടുക്കുന്ന രീതിയായി ഇത് മാറും. എന്നാല്‍ കേരളം ലക്ഷ്യമിട്ട കെറെയില്‍ എന്നത് പ്രത്യേകം ട്രാക്ക് സംവിധാനം ഒരുക്കി വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സമയ ലാഭമുണ്ടാക്കുന്ന പദ്ധതിയാണ്. അത് പുതിയ സാധ്യതകളെ വിപുലപ്പെടുത്തി നാടിന്റെ നല്ല മുന്നോട്ടുപോക്കിനെ ത്വരിതപ്പെടുത്തുന്ന പദ്ധതിയാണ്. ഇപ്പോഴത്തെ വന്ദേഭാരതത്തിന് ഇത്തരത്തിലൊന്നും സംഭാവന ചെയ്യാന്‍ കഴിയില്ലെന്നും ജയരാജന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News