ന്യൂദല്‍ഹി- പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്തായിരുന്നു ഇന്റലിജന്‍സ് പരാജയം, എന്തുകൊണ്ടാണ് സൈനികര്‍ക്ക് വിമാനം നിഷേധിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ധവളപത്രം പുറത്തിറക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസുമായി ബന്ധമുള്ള റിട്ട. കേണല്‍ രോഹിത് ചൗധരിയും റിട്ട.വിങ് കമാന്‍ഡര്‍ അനുമ ആചാര്യയുമാണ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യം ഉന്നയിച്ചത്. 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണത്തെക്കുറിച്ച് നിലനില്‍ക്കുന്ന സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
2019 ലെ പുല്‍വാമ ആക്രമണത്തെക്കുറിച്ചുള്ള മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണങ്ങളുടെ വെളിച്ചത്തിലാണ് ധവളപത്രം പുറത്തിറക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം.
സത്യപാല്‍ മാലിക്കിന്റെ അഭിമുഖം വാര്‍ത്താ പോര്‍ട്ടലില്‍ പുറത്തുവന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അതേസമയം അദ്ദേഹത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുകയാണ് ബി.ജെ.പി. മുന്‍ ഗവര്‍ണര്‍ക്കെതിരെ ഗൗരവതരമായ നിരവധി ചോദ്യങ്ങളുണ്ടെന്ന് സമീപ വര്‍ഷങ്ങളില്‍ അദ്ദേഹം നടത്തിയ വിവിധ പ്രസ്താവനകള്‍ ഉദ്ധരിച്ച് ബിജെപി പറയുന്നു.
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'രാഷ്ട്രീയ ജുവനൈല്‍' എന്ന് പരിഹസിച്ചതുള്‍പ്പെടെ മാലിക്കിന്റെ മുന്‍കാല പരാമര്‍ശങ്ങള്‍ ഉദ്ധരിക്കുന്ന ബിജെപി ജമ്മു കശ്മീരിനെ 'അപമാനിച്ച' ഗവര്‍ണര്‍ എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു.
2019 ലെ പുല്‍വാമ പോലുള്ള സംഭവത്തില്‍ പാര്‍ട്ടി ഒരു രാഷ്ട്രീയ പ്രസ്താവനയും നടത്തിയിട്ടില്ലെന്നും എന്നാല്‍ മുന്‍ സൈനിക മേധാവി ജനറല്‍ (റിട്ട) ശങ്കര്‍ റോയ്ചൗധരി ഒരു അഭിമുഖത്തില്‍ ആശങ്ക പ്രകടിപ്പിച്ചതിനാല്‍ ഈ വിഷയം ഉന്നയിക്കേണ്ടിവന്നുവെന്നും കോണ്‍ഗ്രസ് വക്താവ് ശക്തിസിന്‍ഹ് ഗോഹില്‍ പറഞ്ഞു.
സത്യപാല്‍ മാലിക്കിന്റെയും ജനറല്‍ റോയ്ചൗധരിയുടെയും ആശങ്കകള്‍ മുഴുവന്‍ രാജ്യവും പങ്കിടുന്നുണ്ടെന്ന് സായുധ സേനയില്‍നിന്ന് വിരമിച്ച കേണല്‍ രോഹിത് ചൗധരിയും വിങ് കമാന്‍ഡര്‍ അനുമ ആചാര്യയും പറഞ്ഞു.
മുന്‍ സൈനിക മേധാവിയുടെ വാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരും പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. 2,500 സിആര്‍പിഎഫ് സൈനികരെ അവര്‍ ആവശ്യമുന്നയിച്ചിട്ടും എന്തുകൊണ്ട് വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ഇരുവരും ചോദിച്ചു.
2019 ജനുവരി രണ്ടിനും 2019 ഫെബ്രുവരി 13 നും ഇടയില്‍ തീവ്രവാദി ആക്രമണത്തെക്കുറിച്ച് ലഭിച്ച മുന്നറിയിപ്പ് എന്തുകൊണ്ട് അവഗണിച്ചുവെന്നതാണ് മറ്റൊരു ചോദ്യം.
300 കിലോയോളം വരുന്ന സ്‌ഫോടകവസ്തുക്കള്‍ എങ്ങനെയാണ് തീവ്രവാദികള്‍ ശേഖരിച്ചത്? തെക്കന്‍ കശ്മീരില്‍, പ്രത്യേകിച്ച് പുല്‍വാമ-അനന്ത്‌നാഗ്-അവന്തിപോറ ബെല്‍റ്റില്‍ കനത്ത സുരക്ഷാ സാന്നിധ്യമുണ്ടായിട്ടും ഇത്രയും വലിയ അളവ് സ്‌ഫോടക വസ്തുക്കള്‍ എന്തുകൊണ്ട് കണ്ടെത്തിയില്ല. ആക്രമണം നടന്ന് നാല് വര്‍ഷത്തിന് ശേഷം അന്വേഷണം എത്രത്തോളം പുരോഗമിച്ചു? അന്വേഷണം പൂര്‍ത്തിയാക്കുന്നതിനും കണ്ടെത്തലുകള്‍ രാജ്യത്തെ അറിയിക്കുന്നതിനും എന്തുകൊണ്ട് കാലതാമസം നേരിടുന്നു- ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
2011 ലെ മുംബൈ ആക്രമണം, 2016 ലെ പത്താന്‍കോട്ട് ആക്രമണം തുടങ്ങിയ മുന്‍ ഭീകരാക്രമണങ്ങളില്‍ അന്വേഷണം നടത്തുകയും കണ്ടെത്തലുകള്‍ പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. സത്യം സ്ഥാപിക്കുന്നതിനും ഉത്തരവാദിത്തം ഉറപ്പിക്കുന്നതിനും ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഇത് അത്യന്താപേക്ഷിതമായിരുന്നു. പുല്‍വാമയിലും ഗൗരവമേറിയ ഈ ചോദ്യങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് അവര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)