ന്യൂദല്‍ഹി- ജീവനക്കാരുടെയും വിമാനങ്ങളുടെയും ക്ഷാമം കണക്കിലെടുത്ത് ഈദിന് ശേഷം യുഎഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ താല്‍ക്കാലികമായി വെട്ടിക്കുറക്കും. ദല്‍ഹി- ദുബായ്, ദല്‍ഹി- അബുദാബി, ദല്‍ഹി -മസ്‌കറ്റ് എന്നീ റൂട്ടുകളില്‍ ഏപ്രില്‍ അവസാന വാരം മുതല്‍ മെയ് വരെ ആഴ്ചയില്‍ ഒരു വിമാന സര്‍വ്വീസ് റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ഇന്ത്യയില്‍ അഴിച്ചുപണി തുടരുകയാണ്. എയര്‍ഇന്ത്യയും എയര്‍ഇന്ത്യ എക്‌സ്പ്രസ്സും വിവിധ റൂട്ടുകളിലെ സര്‍വീസുകള്‍ ഏകീകരിക്കുന്നുമുണ്ട്. ഇതിനു തുടര്‍ച്ചയായിട്ടാണ് താല്‍ക്കാലികമായി ജിസിസി സെക്ടറിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ വെട്ടിചുരുക്കേണ്ടി വരുന്നതെന്ന് ഒരു എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 29 മുതല്‍ മെയ് 27 വരെ ശനിയാഴ്ചകളില്‍ പ്രതിവാര ദല്‍ഹി-മസ്‌കത്ത് വിമാനങ്ങളും ഏപ്രില്‍ 30 മുതല്‍ മെയ് 28 വരെ ഞായറാഴ്ചകളില്‍ ദല്‍ഹി ദോഹ വിമാനങ്ങളും സര്‍വീസ് നടത്തില്ല. മെയ് രണ്ടു മുതല്‍ 30 വരെ ചൊവ്വാഴ്ചകളില്‍ എയര്‍ ഇന്ത്യയുടെ ദല്‍ഹി-ദുബായ് വിമാനവും മെയ് മൂന്ന് മുതല്‍ 31 വരെ ബുധനാഴ്ചകളില്‍ ദല്‍ഹി-അബുദാബി സര്‍വീസും ഉണ്ടാകില്ല.
ഈദ് അവധികള്‍ കണക്കിലെടുത്ത് ഏപ്രിലില്‍ ഇന്ത്യക്കും യുഎഇക്കുമിടയിലുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ താല്‍ക്കാലികമായി വര്‍ദ്ധിപ്പിച്ചിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും അബുദാബിയിലേക്കുമുള്ള സര്‍വീസുകള്‍ അഞ്ചില്‍ നിന്ന് ആറായി വര്‍ധിപ്പിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)