മുംബൈ - മഹാരാഷ്ട്രയിൽ കോൺഗ്രസ്-ശിവസേന-എൻ.സി.പി സഖ്യത്തിൽ വിള്ളലുണ്ടാക്കി എൻ.സി.പി നേതാവ് അജിത് പവാർ ബി.ജെ.പി ക്യാമ്പിലേക്ക് കൂറു മാറിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ട്വിറ്ററിൽ പാർട്ടി പേരും ചിഹ്നവുമുള്ള കവർ ഫോട്ടോ നീക്കി അജിത് പവാർ. എൻ.സി.പി എന്ന പേരും ചിഹ്നവുമൊക്കെ അടങ്ങുന്ന ചിത്രമാണ് ഇപ്പോൾ കവർ ഫോട്ടോയിൽ നിന്ന് അജിത് പവാർ നീക്കം ചെയ്തിരിക്കുന്നത്.
ഇത് വിമത നീക്കത്തിലൂടെ അജിത് പവാറും സംഘവും ബി.ജെ.പി പാളയത്തിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങളെ കൂടുതൽ സാധൂകരിക്കുന്ന നീക്കമായാണ് വിലയിരുത്തുന്നത്. ചില എൻ.സി.പി നേതാക്കളുമായി അജിത് പവാർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. എൻ.സി.പിയുടെ 53 എം.എൽ.എമാരിൽ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് പറയുന്നത്. മഹാവികാസ് അഘാഡി വിട്ട് ബി.ജെ.പിയുമായി ചേർന്ന് നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് പകരം ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയാകാനാണ് അജിത് പവാറിന്റെ നീക്കമെന്നാണ് പറയുന്നത്.